തൊടുപുഴ: വിമല പബ്ലിക് സ്കൂളിന്റെ രജത ജൂബിലി വിപുലമായി ആഘോഷിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് നടത്തുന്ന ജൂബിലി സമാപന വിളംബര ജാഥയോടു കൂടി 'എ ഡിസംബർ ടു റിമെമ്പർ 2k22'' എന്ന ആഘോഷപരിപാടികളുടെ പരമ്പരയ്ക്ക് തുടക്കമാകും. ഇതിനോടനുബന്ധിച്ച് 19ന് 'ഇഗ്‌നൈറ്റ് 2k22'' എന്ന പേരിൽ ഒരു സയൻസ് എക്‌സ്‌പോയും നടത്തും. ശാസ്ത്രത്തിന്റെ കുതിപ്പിന് അനുസൃതമായി കുട്ടികളുടെ ശാസ്ത്രസാങ്കേതിക മികവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യമാണ് പരിപാടി മുന്നോട്ട് വയ്ക്കുന്നത്. ഐ.എസ്.ആർ.ഒ പോലുള്ള പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് ഇരുപതിലധികം സ്റ്റോളുകളും ഇതിന്റെ ഭാഗമായി സ്‌കൂൾ അങ്കണത്തിൽ ഒരുക്കും. . 21ന് ഗുരുവന്ദനം എന്ന പരിപാടിയിലൂടെ അദ്ധ്യാപകരെ ആദരിക്കും. 22ന് പേരന്റസ് ആന്റ് ഗ്രാൻഡ് പേരന്റസ് ഡേ ആചരിക്കും. ഇവർക്കായി പ്രത്യേക മത്സരവും നടത്തും. 23ന് രാവിലെ ഗ്രാൻഡ് അലുമിനി മീറ്റ് നടത്തും. അന്നേ ദിവസം സ്‌കൂളിന്റെ ചരിത്രത്തിൽ നാളിതുവരെ ഭരണസാരദ്ധ്യം വഹിച്ച പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, ഹെഡ്മിസ്ട്രസുമാർ, വിരമിച്ച അദ്ധ്യാപകർ, ആദ്യത്തെ പ്ലസ്ടു ബാച്ചുകളിലെ വിദ്യാർത്ഥികൾ എന്നിവരെ ആദരിക്കും. തുടർന്ന് ഉച്ചയ്ക്ക് ശേഷം രജത ജൂബിലി സമാപന ചടങ്ങുകളും സ്‌കൂളിന്റെ ആനുവൽ പ്രോഗ്രാമും നടത്തും. ആനുവൽ പ്രോഗ്രാം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കോതമംഗലം മെത്രാൻ ജോർജ് മഠത്തികണ്ടത്തിൽ അദ്ധ്യക്ഷനാകും. പി.ജെ. ജോസഫ് എം.എൽ.എ വിശിഷ്ടാതിഥിയാകും. ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസ് സമ്മാനദാനം നിർവഹിക്കും. നഗരസഭ ചെയർമാൻ സനീഷ് ജോർജ്, മുൻസിപ്പൽ കൗൺസിലർ ശ്രീലക്ഷ്മി സുദീപ് എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ സി. എലൈസ് , സയൻസ് എക്‌സ്‌പോ കോഡിനേറ്റർ ഷീന ബിജു, പ്രോഗ്രാം കോഡിനേറ്റർമാരായ മഞ്ജു ജോസ്, ഗിരീഷ് ബാലൻ, പി.ടി.എ പ്രസിഡന്റ് ടോം ജെ. കല്ലറയ്ക്കൽ എന്നിവർ പങ്കെടുത്തു.