tree

തൊടുപുഴ: വെങ്ങല്ലൂർ പാതയോരത്ത് നട്ട് പിടിപ്പിച്ച തണൽ മരങ്ങളിൽ പലതും സാമൂഹ്യവിരുദ്ധർ ചേർന്ന് പകുതി മുറിച്ചതായി പരാതി. ഇന്നലെ രാവിലെയാണ് സമീപത്തെ ഓട്ടോ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഈർച്ചവാളുപയോഗിച്ചാണ് പല മരങ്ങളും മുറിച്ചിരിക്കുന്നത്. തായ്‌തണ്ടുകൾ ഉണങ്ങി പോകാനാവാം ഇത്തരത്തിൽ മുറിച്ചിരിക്കുന്നതെന്നാണ് ജനങ്ങൾ പറയുന്നത്. അതിശക്തമായ കാറ്റും മഴയും ഒരുമിച്ച് വന്നാൽ മരങ്ങൾ പലതും കടപുഴകി വീണ് വലിയ അപകടങ്ങൾ സൃഷ്ടിക്കും. തിരക്കേറിയ പാതകളിലൊന്നാണ് വെങ്ങല്ലൂർ. അതിനാൽ തന്നെ നിത്യേന നിരവധി ആളുകളാണ് ബസിനെ ആശ്രയിച്ച് തണൽ മരങ്ങൾക്ക് കീഴിൽ കാത്തുനിൽക്കുന്നത്. കൂടാതെ കാൽനടയാത്രക്കാരെയും ഇത് ബാധിക്കും. സമീപ പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികൾക്കും വ്യാപാരസ്ഥാപനങ്ങളുൾപ്പെടെ നിരവധി ആളുകൾക്ക് തണലേകിയിരുന്ന വൃക്ഷങ്ങളാണ് പകുതി മുറിച്ച നിലയിൽ കാണപ്പെട്ടത്. പത്തു വർഷങ്ങൾക്ക് മുൻപ് യൂസഫ് എന്ന പ്രകൃതി സ്‌നേഹിയുടെ നേതൃത്വത്തിലാണ് വെങ്ങല്ലൂർ പാതയോരത്ത് തണൽ വൃക്ഷങ്ങൾ നട്ടു പരിപാലിച്ചിരുന്നത്. പിന്നീട് അദ്ദേഹം മറ്റൊരു സ്ഥലത്തേയ്ക്ക് തന്റെ കച്ചവടം മാറ്റിയപ്പോൾ ഇവിടുത്തെ വ്യാപാരികളും ഓട്ടോറിക്ഷാ തൊഴിലാളികളും മരങ്ങളുടെ സംരക്ഷണം എറ്റെടുക്കുകയായിരുന്നു. തണൽ മരങ്ങൾ മുറിച്ചതിനു പിന്നിൽ സാമൂഹ്യവിരുദ്ധരാണെന്ന് നാട്ടുകാരും പറയുന്നു. തണൽ മരങ്ങൾ മുറിച്ചു മാറ്റിയവരെ കണ്ടെത്തി അവർക്കെതിരെ കർശന നടപടി എടുക്കണം എന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലർക്കും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നടപടി ഉണ്ടാകാത്ത പക്ഷം പ്രതിഷേധ പരിപാടികളിലേയക്ക് നീങ്ങുമെന്നും പരാതിക്കാർ പറഞ്ഞു.