road

കുളമാവ്: അറക്കുളം പ‌‌‌ഞ്ചായത്തിലെ കുളമാവ് -പളളിക്കവല റോഡ് നവീകരണത്തിന് അധികൃതർ നടപടികൾ സ്വീകരിക്കിന്നില്ലെന്ന് വ്യാപകമായ അക്ഷേപം.റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശ വാസികൾ അധികൃതർക്ക് നിരവധി പരാതികൾ നൽകിയെങ്കിലും പ്രശ്നത്തിന് പരിഹാരം ആകുന്നില്ല. പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ ജനങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുളള റോഡാണിത്. 1500ൽപ്പരം കുടുംബക്കാർ ഉപയോഗിക്കുന്ന റോഡിനോടാണ് അധികൃതർ അവഗണന കാണിക്കുന്നത്‌.പോത്തുമറ്റം,ഉളുപ്പൂണി,കപ്പക്കാനം തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ സഞ്ചരിക്കുന്ന പ്രധാന റോഡാണ് കുണ്ടും കുഴിയുമായി തകർന്ന് കിടക്കുന്നത്.കാൽനടയായി പോലും ഇതുവഴി സഞ്ചരിക്കാൻ ഏറെ ബുദ്ധിമുട്ടാണ്.സ്‌കൂൾ,കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ അനേകം ആളുകൾ ഈ ദുരിതപാത താണ്ടിയാണ് കുളമാവിലെത്തുന്നത്. വാഹന ഗതാഗതം ദുഷ്‌കരമായതിനാൽ ടാക്സി വാഹനങ്ങൾ പോലും ഇതുവഴി ഓട്ടം വരുന്നില്ല.ആദിവാസി പിന്നാക്ക വിഭാഗങ്ങളും തിങ്ങി പാർക്കുന്ന പ്രദേശത്തേക്കുള്ള പ്രധാന റോഡും ഇതാണ്.മഴ പെയ്താൽ റോഡ് ചെളിക്കുണ്ടായി മാറുന്നതിനാൽ നടന്നു പോകാനും സാധിക്കുന്നില്ല.പ്രശ്ന പരിഹാരത്തിന് ജനപ്രതിനിധികൾ ഉൾപ്പ‌‌ടെയുളളവർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.