പീരുമേട്: തോട്ടം മേഖലയിൽ മാനേജ്‌മെന്റിന്റെ നിർദ്ദേശം അനുസരിച്ച് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഉടമകൾക്ക് ഏറെ ഇളവുകൾ നൽകാൻ തീരുമാനം. തോട്ടം നടത്തിക്കൊണ്ട്പോകാൻ കഴിയില്ല എന്ന നിലപാടിനെത്തുടർന്ന് സംസ്ഥാന സർക്കാർ തോട്ടം മേഖലയിൽ ഈടാക്കിയിരുന്ന കാർഷിക ആദായനികുതിയും പ്ലാന്റേഷൻ ടാക്‌സും ലേബർ ടാക്‌സും ഒഴിവാക്കി ഉത്തരവിറക്കി. പലവിധ കാരണങ്ങളാൽ പ്രതിസന്ധിയിലായ തോട്ടങ്ങൾക്ക് ഇത് വലിയ ആശ്വാസമാണ് നൽകുന്നത്. കൊവിഡ് പ്രതിസന്ധി മൂലം ഫാക്ടറികൾ പ്രവർത്തനം നിർത്തിയ തോട്ടങ്ങളിലെ വൈദ്യുതി നിരക്കിലും സർക്കാർ ഇളവ് ചെയ്തു കൊടുത്തിരുന്നു. തേയില ഫാക്ടറികളുടെ വൈദ്യുതി താരിഫ് കുറയ്ക്കണമെന്ന ഉടമകളുടെ ആവശ്യം ഒഴികെയുള്ള ഡിമാന്റുകൾ സർക്കാർ അംഗീകരിച്ച് നടപ്പിലാക്കിയിട്ടുണ്ട്.

എന്നാൽ തോട്ടം മേഖലയിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ലേബർ കമ്മീഷണറുടെ അദ്ധ്യക്ഷതയിൽ ചേർന്ന പി.എൽ.സി. യോഗം കഴിഞ്ഞ തവണയും പരാജയപ്പെടുകയായിരുന്നു. എല്ലാ തൊഴിലാളി യൂണിയനുകളും ആവശ്യപ്പെട്ടതനുസരിച്ച് കുറഞ്ഞ കൂലി 700 രൂപ എന്ന നിർദ്ദേശം തോട്ടം ഉടമകൾ അംഗീകരിച്ചില്ല. നിലവിലെ കൂലി 427.35രൂപയാണ്. 15 രൂപ കൂട്ടി നല്കാമെന്നാണ് തോട്ടം ഉടമകൾ പറയുന്നത്. ഇതു അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് കഴിഞ്ഞ പി.എൽ.സി യോഗവും പരാജയപ്പെട്ടത്. ഏറ്റവും കുറഞ്ഞ കൂലി ഇപ്പോഴും നിലനിൽക്കുന്നത് തേയില ,ഏലം മേഖലയിലെ തൊഴിലാളികൾക്കാണ്.

നാട്ടുകാർക്ക്

ശമ്പളത്തിൽ മുടക്കം

അന്യസംസ്ഥാനങ്ങളിൽ നിന്ന് ജോലി ചെയ്യുന്ന തൊഴിലളികൾക്ക് അവരുടെ കൂലി കൃത്യമായി മാനേജ്‌മെന്റ് കൊടുക്കുന്നുണ്ട്. എന്നാൽ നാട്ടുകാരായ സ്ഥിരം തൊഴിലാളികൾക്ക് ഉടമകൾ കൃത്യമായി ശമ്പളം കൊടുക്കുന്നില്ല എന്ന ആക്ഷേപമുണ്ട്. അന്യ സംസ്ഥാന തൊഴിലാളികൾ കൂലി ലഭിച്ചില്ലെങ്കിൽ നാട്ടിലേക്ക് തിരിച്ചുപോകും എന്ന ഭയത്തോടെ കൂടിയാണ് മാനേജ്‌മെന്റ് അവർക്ക് കൃത്യമായി ശമ്പളം കൊടുക്കുന്നത്.പ്ലാന്റേഷൻ ലേബർ യോഗത്തിൽ തൊഴിലാളി കളുടെ ശമ്പളം കൂട്ടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി എ.ഐ. ടി.യു.സി നേതാവും എം.എൽ.എ യുമായ വാഴൂർ സോമനും, സി.ഐ. ടി.യു ജില്ലാപ്രസിഡന്റും പി.റ്റി. റ്റി. യൂണിയൻ പ്രസിഡന്റുമായ ആർ.തിലകനും, ഐ.എൻ.റ്റി.യു സി. നേതാവ് അഡ്വ.സിറിയക്ക് തോമസും പറഞ്ഞു.