തൊടുപുഴ: പരിസ്ഥിതി ലോല മേഖലാ വിഷയത്തിൽ സംസ്ഥാന റിമോർട്ട് സെൻസിംഗ് ആന്റ് എൺവയോൺമെന്റ് സെന്റർ ഉപഗ്രഹ സർവ്വേയിലൂടെ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിലെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. ജനവാസ മേഖലയിലെ ഓരോ നിർമ്മിതിയെക്കുറിച്ചും നേരിട്ട് സ്ഥല പരിശോധന നടത്തി കുറ്റമറ്റ രീതിയിൽ വേണം റിപ്പോർട്ട് സമർപ്പിക്കാൻ. ഉപഗ്രഹ സഹായത്തോടെ ഇ.എസ്‌.സെഡ് പരിധിയിലെ വിവിധ തരം നിർമ്മാണങ്ങൾ അടയാളപ്പെടുത്തിയത് അശാസ്ത്രീയമാണെന്നും പരാതിയുണ്ട്. സംരക്ഷിത വനപ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവ സംബന്ധിച്ച് സർക്കാർ പ്രസിദ്ധീകരിച്ച പ്രാഥമിക റിപ്പോർട്ടിലെ അവ്യക്തതകൾ പരിഹരിക്കണം. പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 23 എന്നത് നീട്ടി നൽകുന്നതിനും നടപടി കൈക്കൊള്ളണമെന്ന് ജോസഫ് ആവശ്യപ്പെട്ടു.