തൊടുപുഴ: 'യഹൂദിയായിലെ ഒരു ഗ്രാമത്തിൽ...' നാടാകെ തിരുപ്പിറവിയുടെ ഈരടികൾ വാനിലുയർത്തി നാടാകെ നക്ഷത്ര ദീപങ്ങൾ തിളങ്ങുന്നു. ദൈവപുത്രന്റെ ജന്മദിനാഘോഷത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നക്ഷത്രങ്ങൾ, ക്രിസ്മസ് പാപ്പയുടെ വേഷങ്ങൾ, ക്രിസ്മസ് ട്രീ, വർണപ്പകിട്ടേകാൻ എൽ.ഇ.ഡി നക്ഷത്രങ്ങൾ, ലൈറ്റുകൾ, ക്രിസ്മസ് കാർഡുകൾ, ബലൂണുകൾ, വിവിധ രുചികളിലെ കേക്കുകൾ എന്നുവേണ്ട എല്ലാ ക്രിസ്മസ് ഉത്പന്നങ്ങളുമായി വിപണിയും സജീവമായി. വൈവിദ്ധ്യമാർന്ന എൽ.ഇ.ഡി, പേപ്പർ നക്ഷത്രങ്ങളാണ് വിപണിയിലെ മുഖ്യ ആകർഷണം. 100 രൂപ മുതൽ 500 രൂപ വരെയുള്ള പേപ്പർ നക്ഷത്രങ്ങൾ കടകളിൽ എത്തിയിട്ടുണ്ട്. പുൽക്കൂടുകളിൽ തൂക്കുന്ന ചെറിയ നക്ഷത്രങ്ങൾ 20 രൂപ മുതൽ ലഭ്യമാണ്. എൽ.ഇ.ഡി നക്ഷത്രങ്ങൾക്കു 200 മുതൽ 1000 രൂപ വരെയാണ് വില. രാവുകളെ വർണാഭമാക്കുന്ന എൽ.ഇ.ഡി മാല ബൾബുകൾ 150 രൂപ മുതൽ നിരക്കിൽ ലഭ്യമാണ്. സാന്താക്ലോസിന്റെ വേഷവും മുഖംമൂടിയും തൊപ്പിയുമെല്ലാം പല കടകളിലും എത്തിക്കഴിഞ്ഞു. തടിയിലും ചൂരലിലും തീർത്ത പുൽക്കൂടുകളും വിപണിയിലുണ്ട്. ചൂരൽ കൊണ്ടുള്ള പുൽക്കൂട് 700 രൂപ മുതൽ ലഭ്യമാണ്. തടികൊണ്ടുള്ള പുൽക്കൂടിന് 500 രൂപ മുതൽ വിലയുണ്ട്. റെഡിമെയ്ഡ് പുൽക്കൂടുകളും തയ്യാർ. രണ്ടടി മുതൽ 10 അടി വരെ ഉയരമുള്ള വൈവിധ്യമാർന്ന ക്രിസ്മസ് ട്രീകളും കടകളിൽ വിൽപനയ്ക്കുണ്ട്. 200 രൂപ മുതൽ ക്രിസ്മസ് ട്രീ ലഭ്യമാണ്. പുൽക്കൂട്ടിൽ വയ്ക്കുന്ന ഉണ്ണിയേശു ഉൾപ്പെടെയുള്ള സെറ്റ് പ്രതിമകളും വിവിധ അലങ്കാര വസ്തുക്കളും ക്രിസ്മസ് കാർഡുകളും കുഞ്ഞ് സാന്താക്ലോസുമെല്ലാം വിപണിയിലെത്തി. ക്രിസ്മസിനു ഇനി ദിവസങ്ങളുണ്ടെങ്കിലും ഇപ്പോൾ തന്നെ നക്ഷത്രങ്ങൾ ചോദിച്ചെത്തുന്നവർ ഏറെയാണെന്നു വ്യാപാരികൾ പറയുന്നു. കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞതും നാടെങ്ങും ഇത്തവണ വിപുലമായ ക്രിസ്മസ് ആഘോഷ പരിപാടികൾ നടക്കുമെന്നതും വ്യാപാരികൾ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഡിസംബർ ആദ്യ വാരത്തോടെ ജില്ലയിലെമ്പാടും ക്രിസ്മസ് വിപണികൾ കൂടുതൽ സജീവമാകും.