ചെറുതോണി: സംസ്ഥാനത്തെ മൃഗസംരക്ഷണ പദ്ധതികൾ കുടുംബശ്രീ മുഖേന പ്രാദേശിക തലത്തിൽ ഊർജിതമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ അനിമൽ ഹസ്ബൻഡറി ഉപജീവന ഉപസമിതി കൺവീനർമാർക്കും ബ്ലോക്ക് കോ ഓഡിനേറ്റർമാർക്കും കമ്മ്യൂണിറ്റി റിസോഴ്‌സ് പെഴ്‌സൺമാർക്കുമായി ഏകദിന ശിൽപശാല നടത്തി. ചെറുതോണി ടൗൺഹാളിൽ നടന്ന പരിപാടി വാഴത്തോപ്പ് കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്‌സൺ വിജിമോൾ കണ്ണൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ ജിജോ ജോസ് ക്ലാസിനു നേതൃത്വം നൽകി.
മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് ജില്ലയിൽ കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുക, നിലവിലുള്ള സംരംഭങ്ങൾക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ സി.ഡി.എസ് യൂണിറ്റുകളിൽ കമ്മ്യൂണിറ്റി റിസോഴ്‌സ് പെഴ്‌സൺമാരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇത്തരത്തിൽ തെരെഞ്ഞെടുത്ത 75 സി.ആർ. പി.മാരാണ് ശിൽപ്പശാലയിൽ പങ്കെടുത്തത്.
പഞ്ചായത്തുകളിലെ സി.ഡി.എ.സുകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഉപജീവന ഉപസമിതി കൺവീനർമാരും ജില്ലയിലെ ബ്ലോക്കുകളിലെ ബ്ലോക്ക് കോ ഓഡിനേറ്റർമാരും ശിൽപശാലയിൽ പങ്കെടുത്തു.