വാഗമൺ: നിത്യവും അനേകം വിനോദസഞ്ചാരികൾ എത്തുന്നതും തോട്ടം മേഖലയുമായ വാഗമണ്ണിൽ ആതുരസേവനം
കാര്യക്ഷമമാക്കുന്നതിൽ അധികൃതർക്ക് താല്പര്യക്കുറവന്ന് ആക്ഷേപം.പ്രദേശത്ത് ആശുപത്രികളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലാത്തതിനാൽ നിരവധി ആളുകളാണ് ചികിത്സയ്ക്കായി കഷ്ടപ്പെടുന്നത്.കൃത്യ സമയത്ത് ചികിത്സ ലഭിക്കാതെ ഇവിടെ മരണങ്ങൾ വർദ്ധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.നിലവിൽ വാഗമണ്ണിൽ പ്രവർത്തിക്കുന്ന രണ്ട്
ക്ലിനിക്കുകൾ മാത്രമാണ് പ്രദേശവാസികൾക്ക് ആശ്രയമായിട്ടുള്ളത്. ഇവിടെ ചികിത്സാ സംവിധാനങ്ങൾ കുറവായതിനാൽ 35 കിലോമീറ്റർ ദൂരേയുളള പാലായിലും 85 കിലോമീറ്റർ ദൂരമുളള കോട്ടയത്തുമാണ് അത്യാവശ്യ ഘട്ടങ്ങളിൽ ആശ്രയിക്കേണ്ടി വരുന്നത്.ചില സന്ദർഭങ്ങളിൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിക്കാറുണ്ട്.വാഗമൺ - ഈരാറ്റുപേട്ട റോഡ് തകർന്നു കിടക്കുന്നതിനാൽ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനും കഴിയാറില്ല.വാഗമണ്ണിൽ ഒരു ഹെൽത്ത് സെന്റർ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതിന്റെ അവസ്ഥയും ഏറെ ദയനീയമാണ്.വർഷങ്ങൾക്കു മുൻപ് നിർമ്മിച്ച കെട്ടിടം കാടുകയറി നശിച്ച അവസ്ഥയിലാണ്.പ്രദേശത്ത് സർക്കാർ ആശുപത്രികൾ ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.