അറക്കുളം: പഞ്ചായത്തിലെ വിവിധ മേഖലകളിൽ കുടിവെളള ക്ഷാമം അതിരൂക്ഷം.വിവിധ വാർഡുകളിൽ ജലവിതരണം നിലച്ചിട്ട് ദിവസങ്ങളായെന്ന് പ്രദേശവാസികൾ പറയുന്നു.ഇതേ തുടർന്ന് ജനങ്ങൾ ഏറെ ദുരിതത്തിലായി.മലങ്കര ജലാശയത്തിലെ ജലനിരപ്പ് കുറയുന്നതോടെ പ്രശ്നം അതി രൂക്ഷമാകും.നിലവിൽ പമ്പിങ് സ്റ്റേഷന് സമീപത്തെ ജലനിരപ്പ് താഴ്ന്ന അവസ്ഥയിലാണ്.ഇതേ തുടർന്ന് കൃത്യമായി പമ്പിങ്ങ് നടക്കാത്തതിനാലാണ് കുടിവെളള ക്ഷാമം അതിരൂക്ഷമാകുന്നത്.മൂലമറ്റം പവർഹൗസിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവിൽ കുറവ് വന്നതും കാരണമാണ്.പകരം സംവിധാനം കണ്ടെത്താൻ അധികൃതർ ശ്രമിക്കാത്തതിനാൽ പമ്പിങ് പൂർണമായി സ്തംഭിക്കുന്ന അവസ്ഥയിലാണ്. പഞ്ചായത്തിന്റെ ജല വിതരണത്തെ ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് വെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്.നിത്യോപയോഗത്തിന് വെള്ളം ലഭിക്കാതായതോടെ കുട്ടികളും പ്രായമായവരും ഉൾപ്പെടെ കഷ്ടപ്പെടുകയാണ്. അധികൃതർ ഇടപെട്ട് ജലവിതരണം പുനരാരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.