തൊടുപുഴ: ബഫർസോൺ വിഷയത്തിൽ സാറ്റ്‌ലൈറ്റ് സർവ്വേ അപര്യപ്തമെന്ന് ജില്ലാ ചെറുകിട വ്യവസായ അസോസിയേഷൻ. കാർഷിക മേഖല തകർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വ്യവസായ മേഖലയിലും ഏർപ്പെടുത്തുന്ന നിബന്ധനകൾ ജില്ലയെ ആകെ തളർത്തും.
ജനങ്ങളെയും വ്യവസായികളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാൻ സർക്കാർ തയ്യാറാകണം.
ജില്ലയിൽ വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള നിരോധനങ്ങളും തെറ്റായ നിയന്ത്രണങ്ങളും പിൻവലിക്കുന്നതിനായി സർക്കാരിന്റെ ഭാഗത്തു നിന്നും കൃത്യമായ ഇടപെടലുകൾ ഉണ്ടാകണമെന്നും പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരം കാണാത്ത പക്ഷം ജില്ലയിൽ സമരമുഖത്തുള്ള മറ്റു സംഘടനയുമായി യോജിച്ച് കേരള ചെറുകിട വ്യവസായ അസോസിയേഷൻ സമരത്തിലേക്ക് നീങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ബേബി ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് രാജു തരണിയിൽ, സെക്രട്ടറി റെജി വർഗീസ്, ട്രഷറർ സുനിൽ വഴുതലക്കാട്ട്, സ്റ്റേറ്റ് സെക്രട്ടറി ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.