തൊടുപുഴ: സംസ്ഥാനത്തെ ബിൽഡിംഗ് റൂളിൽ കാതലായ മാറ്റം വേണമെന്ന് സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.പാർട്ടിയുടെനേതൃത്വത്തിൽ 'ഉണരൂ കേരളമെ' സംസ്ഥാന കാമ്പയിന്റെ ഭാഗമായി തൊടുപുഴയിൽ എത്തിയതായിരുന്നു അദ്ദേഹം. ഓരോ ജില്ലയുടെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മനസിലാക്കി വേണം കെട്ടിടനിർമാണ ചട്ടം തയാറാക്കേണ്ടത്.ഇതിന് പ്രത്യേക നിയമസഭാ കമ്മിറ്റിയെ നിയോഗിക്കണം. ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടിയുണ്ടാകണം. ജില്ലയിലെ ജനങ്ങൾ നാടു വിട്ടുപോകണമെന്ന ലക്ഷ്യത്തോടെയാണ് ചില നിയമങ്ങളും തീരുമാനങ്ങളും നടപ്പാക്കുന്നത്. സംസ്ഥാനത്ത് ഭരണം കുത്തഴിഞ്ഞിരിക്കുകയാണ്. കർഷകരും തൊഴിലാളികളുമടക്കം കടുത്ത ദുരിതത്തിലാണ്. അന്ധവിശ്വാസങ്ങൾക്കും മയക്കുമരുന്നിനുമെതിരെയാണ് കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. മയക്കുമരുന്നു കേസുകളിൽപ്പെടുന്ന പ്രതികളെ രക്ഷിക്കാൻ സി.പി.എം പ്രാദേശിക നേതാക്കൾ ഇടപെടൽ നടത്തുകയാണ്.ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉറക്കം നടിക്കുകയാണ്. ഇതു ഭാവിയിൽ പാർട്ടിക്ക് കനത്ത തിരിച്ചടിക്ക് കാരണമാകും. രാജ്യത്തെ മയക്കുമരുന്ന് വ്യാപാരത്തിന്റെ ഹബ്ബായി കേരളം മാറിയിരിക്കുകയാണെന്നും ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന ശക്തികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റംഗം സുരേഷ് ബാബു, അഡ്വ.ബി.സ്വാതികുമാർ, എം.പി.സാജു, കെ.എ.കുര്യൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.