ഇടുക്കി: വനിത ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന 'പടവുകൾ' പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിധവകളായ സ്ത്രീകളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിന് സർക്കാർസർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പ്രൊഫഷണൽ കോഴ്‌സുകൾക്ക് ( എം.ബി.ബി.എസ്, എൻജിനീയറിംഗ്, ബി.ഡി.എസ്., ബി.എച്ച്.എം.എസ്, ബി.എസ് സി. നഴ്‌സിംഗ്, ബി.എ.എം.എസ്) പഠിക്കുന്ന കുട്ടികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകാനായി നടപ്പാക്കുന്ന ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതിയാണ് പടവുകൾ. മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ,എയ്ഡഡ് സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവരായിരിക്കണം അപേക്ഷകർ. മെഡിക്കൽ കൗൺസിൽ ഓഫ് ഇൻഡ്യ, സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള കോളേജുകൾ എന്നിവയിൽ പഠിക്കുന്നവരായിരിക്കണം. കുടുംബത്തിന്റെ വാർഷിക വരുമാനം 3 ലക്ഷം കവിയരുത്. www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അതത് പ്രദേശത്തെ ശിശുവികസന പദ്ധതി ഓഫീസ്, തൊട്ടടുത്ത അങ്കണവാടി വർക്കർ എന്നിവരെ സമീപിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 31.