ഇടുക്കി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഐഡന്റിറ്റി കാർഡുളള എല്ലാ കുട്ടികൾക്കും അർഹമായ കൺസഷൻ ടിക്കറ്റ് സ്വകാര്യ ബസ്സുകളിൽ അനുവദിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. കുട്ടികൾ യൂണിഫോം ധരിച്ചിട്ടില്ലെങ്കിലും കൺസഷൻ ടിക്കറ്റ് നൽകണം. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. അടിമാലി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ നൽകിയ പരാതിയിലാണ് ഉത്തരവ്. അടിമാലി നെടുങ്കണ്ടം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടർ കൺസഷൻ നൽകുന്നില്ല എന്ന് കാണിച്ച് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ബന്ധപ്പെട്ടവർ സ്വീകരിച്ച നടപടി റിപ്പോർട്ട് 30 ദിവസത്തിനകം കമ്മീഷനെ അറിയിക്കാനും നിർദ്ദേശം നൽകി.