
പീരുമേട്: പരുന്തുംപാറയിൽ സ്വകാര്യ വ്യക്തി വ്യാപകമായി മല ഇടിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നു.സർവ്വേനമ്പർ441 ൽപ്പെട്ട മഞ്ചുല വില്ലേജിൽപ്പെട്ട സ്ഥലത്താണ് അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. കുന്നുകൾ ഇടിച്ച് നിരത്തുന്നത് വ്യാപകമായിട്ടുണ്ട്. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.സ്വകാര്യ വ്യക്തികൾ റിസോർട്ട് നിർമ്മാണത്തിന് അനധികൃതമായി പാറപൊട്ടിച്ച് കെട്ടിടം നിർമ്മിക്കുന്നു. വൻതോതിൽ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. മലഇടിച്ചിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രദേശമായിട്ടും അധികൃതരുടെ മൗനാനുവാദത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നത്. പാറപൊട്ടിക്കലും കുന്നുകൾ ഇടിച്ചു നിരത്തി റോഡ് നിർമ്മാണവും തകൃതിയായി നടക്കുകയാണ്. പരുന്തുംപാറ പ്രദശത്ത് റവന്യൂ ഭൂമി കയ്യേറ്റവും വ്യാപകമാണ്. സർക്കാർ ഭൂമി അളന്നു തിരിച്ച് മാറ്റണമെന്നാവശ്യം അധികൃതർ ഇതുവരെയും നടപ്പിലാക്കിയിട്ടില്ല.