ചെറുതോണി: മോട്ടോർ വാഹനവകുപ്പ് നടത്തുന്ന ഇടുക്കി ജില്ലാതല പരാതി പരിഹാര അദാലത്ത്‌ 'വാഹനീയം' ഇന്ന് രാവിലെ 10 ന് ചെറുതോണി ടൗൺഹാളിൽ ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും.
ഇടുക്കി ആർ.ടി ഓഫീസും അതിന് കീഴിലുള്ള തൊടുപുഴ, ദേവികുളം, ഉടുമ്പൻചോല, വണ്ടിപ്പെരിയാർ ഓഫീസുകളും സംയുക്തമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. . അദാലത്തിൽ വകുപ്പ് മന്ത്രി പരാതി നേരിൽ കേട്ട് തീർപ്പ് കൽപ്പിക്കും. നികുതി സംബന്ധമായ വിഷയങ്ങൾ, ദീർഘകാലമായി തീർപ്പാക്കാത്ത ഫയലുകൾ, ചെക്ക് റിപ്പോർട്ടുകൾ മുതലായവ ഇതോടൊപ്പം പരിഗണിക്കും. കൂടാതെ ഉടമ കൈപറ്റാതെ ഓഫീസിൽ മടങ്ങിയ ആർ. സി., ലൈസൻസുകൾ എന്നിവ നേരിട്ട് ലഭിക്കാൻ മേൽവിലാസം തെളിയിക്കുന്ന രേഖകളുമായി നേരിട്ട് എത്തണം.
പരിപാടിയിൽ ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ എം.എം. മണി, പി.ജെ. ജോസഫ്, വാഴൂർ സോമൻ, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്, ജില്ലാ പൊലീസ് മേധാവി കെ. യു. കുര്യാക്കോസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്ത് അംഗം കെ. ജി. സത്യൻ, വാർഡ് അംഗം നിമ്മി ജയൻ തുടങ്ങിയവർ പങ്കെടുക്കും.