 ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുന്നത് കേരളത്തിന് ഗുണകരമെന്ന് മന്ത്രി റോഷി

ഇടുക്കി: സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖല നിർണയിക്കുന്ന ഉപഗ്രഹ സർവേയുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമാണെന്നും ഇതു ജനവിരുദ്ധമല്ലെന്നും മന്ത്രി റോഷി അഗസ്റ്റ്യൻ. സുപ്രീം കോടതിയുടെ നിർദേശ പ്രകാരമാണ് സർവേ നടത്തുന്നത്. ബഫർ സോണിൽ ഉൾപ്പെട്ട പ്രദേശങ്ങൾ ജനവാസ മേഖലയാണെന്നാണ് കേരളത്തിന്റെ വാദം. ഇതു തെളിയിക്കാൻ വേണ്ടി മാത്രമാണ് ഉപഗ്രഹ സർവേ. ഇത് ഏതെങ്കിലും തരത്തിലുള്ള ആധികാരിക രേഖയല്ല. നിലവിൽ ബഫർ സോണായി നിശ്ചയിച്ചിരിക്കുന്ന മേഖലകൾ ജനവാസ മേഖലകൾ ആണെന്ന് കാണിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ വാദത്തിന് സുപ്രീം കോടതിയിൽ കരുത്ത് പകരും. വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്ത സർവേ സ്‌കെച്ചുകളിൽ വില്ലേജ് അടിസ്ഥാനത്തിൽ സർവേ നമ്പരും സബ് ഡിവിഷനും ഉൾപ്പെടുത്താൻ സാധിക്കാത്തത് പരിഹരിക്കാനുള്ള ശ്രമം സർക്കാർ നടത്തുന്നുണ്ട്. പ്രദേശത്തിന്റെ ഗൂഗിൾ മാപ്പ് കൂടി സ്‌കെച്ചുകൾക്കൊപ്പം ഉൾപ്പെടുത്താനാകുമോ എന്നാണ് പരിശോധിക്കുന്നത്. ഇതിനുള്ള നിർദേശം വനം വകുപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഹെൽപ് ഡെസ്‌കുകൾ തുടങ്ങും

ഇതിനു പുറമേ അതത് പഞ്ചായത്തുകളിലും നഗരസഭകളിലും ഹെൽപ് ഡെസ്‌ക് തുടങ്ങാനും നിർദേശം നൽകിയിട്ടുണ്ട്. എത്രയും വേഗം ഹെൽപ് ഡെസ്‌കുകൾ സ്ഥാപിക്കാനാണ് നിർദേശം. തങ്ങളുടെ സ്ഥലം ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഹെൽപ് ഡെസ്‌കുകൾ വഴി പൊതുജനങ്ങൾക്ക് പരിശോധിക്കാൻ കഴിയും. ഇതിനു പുറമേ പഞ്ചായത്തുകളുടെയുംനഗരസഭകളുടെയും വെബ്‌സൈറ്റിൽ സർവേ സ്‌കെച്ച് ഉൾപ്പെടുത്താനും തദ്ദേശസ്വയം ഭരണ വകുപ്പിനോട് വനം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതികളിൽ ലാൻഡ് സർവേ

ബഫർ സോണിൽ വീടുകളും കൃഷി സ്ഥലങ്ങളും ഉൾപ്പെട്ടിട്ടുള്ളവർ പഞ്ചായത്തിൽ അറിയിച്ചാൽ കുടുംബശ്രീ പ്രവർത്തകർ നേരിൽ വന്ന് സ്ഥലം സന്ദശിച്ച് പരിശോധിച്ചു റിപ്പോർട്ട് നൽകും. ഫീൽഡ് സർവേ വഴി മാത്രമേ കൃത്യമായ വിവരം ലഭിക്കൂ. പൊതുജനങ്ങൾക്ക് പരാതി നൽകാൻ 23 വരെയാണ് നിലവിൽ സമയം നൽകിയിരിക്കുന്നത്. ജനുവരി രണ്ടാം വാരം സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിനാലാണ് സമയ പരിധി കുറച്ചിരിക്കുന്നത്. ഇതിനു മുൻപായി കേരളത്തിന്റെ വാദം ശരിവയ്ക്കുന്ന രേഖ തയാറാക്കാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.