നാരകക്കാനം: നിർദ്ദിഷ്ട ബഫർസോൺ പരിധിയിൽ ഉൾപ്പെടുന്ന നാരകക്കാനം പ്രദേശത്തെ കർഷകർ പ്രതിഷേധസംഗമം നടത്തി. ജില്ലയിൽ ഏറ്റവും കൂടുതൽ ജനവാസ മേഖലയും കൃഷിയിടവും ബഫർസോണിൽ ഉൾപ്പെട്ടിരിക്കുന്ന പ്രദേശമാണ് നാരകക്കാനം. 1959 മുതൽ ആളുകൾ സ്ഥിരതാമസം തുടങ്ങിയതും 1972ൽ സ്ഥിരപട്ടയം ലഭിച്ചിട്ടുള്ളതുമായ നാരകക്കാനം പ്രദേശത്ത് എണ്ണൂറിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. വിവിധ മതസ്ഥരുടെ ആരാധനാലയങ്ങൾ, യു.പി.സ്‌കൂൾ, സർക്കാർ ഹോമിയോ ഡിസ്‌പെൻസറി, മൃഗാശുപത്രി, പോസ്റ്റാഫീസ്, ക്ഷീരോല്പാദക സഹകരണസംഘം തുടങ്ങിയ പൊതു സ്ഥാപനങ്ങളും ഇവിടെയുണ്ട്. ബഫർസോൺ വനത്തിന്റെ അതിർത്തിക്കുളളിൽ നിലനിർത്തണം, മനുഷ്യനെയും ജീവനോപാധികളെയും സംരക്ഷിക്കുകയും പ്രകൃതിയുടെ സംരക്ഷകരായ കർഷകരെ സ്വന്തം മണ്ണിൽ അദ്ധ്വാനിച്ച് ഉപജീവനം നടത്താൻ അനുവദിക്കണമെന്ന് കർഷക സംഗമം ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് നാഷണൽ ഹൈവേ ഉപരോധം, കളക്ട്രേറ്റ് ധർണ്ണ തുടങ്ങിയ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. പ്രതിഷേധസൂചകമായിചൊവ്വാഴ്ച വൈകുന്നേരം 5 ന് പന്തംകൊളുത്തി പ്രകടനം നടത്താനും തീരുമാനിച്ചു.സമരപരിപാടിയുടെ നടത്തിപ്പിനുവേണ്ടി 101 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു.നാരകക്കാനം സെന്റ്‌ജോസഫ്‌സ് പള്ളിവികാരി ഫാ.തോമസ് നെച്ചുകാട്ട് അദ്ധ്യക്ഷത വഹിച്ച യോഗം എ.കെ.സി.സി. രൂപതാ പ്രസിഡന്റ് ജോർജ്ജ് കോയിക്കൽ ഉദ്ഘാടനം ചെയ്തു. രൂപതാ വൈസ് പ്രസിഡന്റ് വി.ടി.തോമസ്, ജോസ് ഒഴുകയിൽ, ടോമി കല്ലുവെട്ടം, ജോയിസ് മാത്യു, തങ്കച്ചൻ വേമ്പേനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. കർഷകരുടെ പരാതികൾ കമ്മീഷന്റെ മുമ്പാകെ സമർപ്പിക്കുന്നതിനും സംശയങ്ങൾ ദൂരികരിക്കുന്നതിനുമായി ജോർജ്ജ് വട്ടോളിലിന്റെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്‌ക്കിന്റെ പ്രവർത്തനം ആരംഭിച്ചു.