തൊടുപുഴ: ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമെന്ന 2019 ഡിസംബർ 17ലെ സർവ്വകക്ഷി യോഗ തീരുമാനം മൂന്നു വർഷം കഴിഞ്ഞിട്ടും നടപ്പാക്കാൻ സർക്കാർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. പട്ടയ വ്യവസ്ഥകൾ ലംഘിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടയാൻ 2019 ൽ സർക്കാർ ഇറക്കിയ ഉത്തരവു മൂലം ഗുരുതരമായ പ്രശ്‌നങ്ങളാണ് ഇടുക്കിയിലുണ്ടായിരിക്കുന്നത്. ജില്ലയിൽ വിതരണം ചെയ്തിട്ടുള്ള പട്ടയങ്ങളിൽ ഭൂരിഭാഗവും 1964ലെയും 1993ലെയും ഭൂപതിവ് ചട്ട പ്രകാരമാണ്. വിവാദ ഉത്തരവ് നടപ്പാക്കുന്നത് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ ഒന്നുകിൽ ചട്ടം ഭേദഗതി ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്നും അല്ലെങ്കിൽ എന്താവശ്യത്തിനാണ് ഭൂമി പതിച്ചു നൽകിയിരിക്കുന്നതെന്ന് കൈവശ രേഖയിൽ രേഖപ്പെടുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവ് ഇടുക്കിയിൽ മാത്രമായി നടപ്പാക്കി വരുകയാണ്. ഭൂപതിവ് ചട്ടം ലംഘിച്ചതിന്റെ പേരിലുള്ള പരിശോധനയും നടപടികളും സർക്കാർ സ്വീകരിക്കുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുകയാണ്. ചട്ട ഭേദഗതി സമയബന്ധിതമായി നടപ്പാക്കാൻ സർക്കാർ നടപടി കൈക്കൊള്ളണമെന്നും ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും ജോസഫ് ആവശ്യപ്പെട്ടു. മാസങ്ങളായി പട്ടയ വിതരണവും നിലച്ചിരിക്കുകയാണ്. 43,​000 പേർക്ക് ഇനിയും പട്ടയം ജില്ലയിൽ നൽകാനുണ്ട്. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാരിന്റെ ആത്മാർത്ഥതയില്ലായ്മയുടെ അവസാന ഉദാഹരണമാണ് രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്തത്. ഒരു മാസത്തിനുള്ളിൽ പുതിയ പട്ടയങ്ങൾ നൽകുമെന്ന വാഗ്ദാനം പോലും പാലിക്കാൻ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്തിട്ട് എട്ട് മാസമായിട്ടും സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങളിൽ അടിയന്തര നടപടി കൈക്കൊള്ളണമെന്നും ജോസഫ് ആവശ്യപ്പെട്ടു.