cheruthonybusstand

 സ്ഥലം വിട്ടുകിട്ടുന്ന മുറയ്ക്ക് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി

ചെറുതോണി: കെ.എസ്.ആർ.ടി.സിയുടെ ഓപ്പറേറ്റിങ് സെന്ററും യാത്രാ ഫ്യുവൽ സ്റ്റേഷനും ചെറുതോണിയിൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മോട്ടോർ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത്‌ വാഹനീയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചെറുതോണിയിൽ നിർമാണം പുരോഗമിക്കുന്ന സ്വകാര്യ ബസ് സാൻഡിന് സമീപം തന്നെയായിരിക്കും കെ.എസ്.ആർ.ടി.സിയുടെ ഓപ്പറേറ്റിങ് സെന്ററും. സംസ്ഥാനത്തെ പല ഭാഗങ്ങളിൽ നിന്നും ഇത്തരത്തിൽ ഓപ്പറേറ്റിങ് സെന്ററുകൾ തുറക്കാൻ ആവശ്യമുയർന്നിട്ടുണ്ടെങ്കിലും സാമ്പത്തിക സാഹചര്യം മൂലം പുതുതായി ഒരിടത്തും ഓപ്പറേറ്റിങ് സെന്റർ തുറന്നിട്ടില്ല. എന്നാൽ ഇടുക്കി മണ്ഡലത്തിലെ സവിശേഷ സാഹചര്യം പരിഗണിച്ചാണ് ആദ്യ ഓപ്പറേറ്റിങ് സെന്റർ ചെറുതോണിയിൽ തുറക്കാൻ തീരുമാനിച്ചത്. ജില്ലയിലെ പ്രധാന കേന്ദ്രമായ ചെറുതോണിയിൽ നിന്ന് നിന്ന് വളരെ ദൂരെയാണ് നിലവിലുള്ള കെ.എസ്.ആർ.ടി.സി ഡിപ്പോകൾ. ജില്ലാ പഞ്ചായത്ത് സ്ഥലം വിട്ടുകൊടുക്കുന്ന മുറയ്ക്ക് ഓപ്പറേറ്റിങ് സെന്റർ നിർമാണവുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ ആരംഭിക്കും. ഓപ്പറേറ്റിങ് സെന്റർ നിർമ്മിക്കുന്നതിനുള്ള തുക എം.എൽ.എ ഫണ്ടിൽ നിന്ന് നൽകാമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്ത് ആരംഭിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ ആദ്യ ഓപ്പറേറ്റിങ് സെന്റർ ചെറതോണിയിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുമേഖല എണ്ണക്കമ്പനികളുമായി സഹകരിച്ചാണ് യാത്രാ ഫ്യുവൽ സ്റ്റേഷൻ ആരംഭിക്കുന്നത്. ഇത്തരത്തിലുള്ള 13 സ്റ്റേഷനുകൾ നിലവിൽ സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി. ആരംഭിച്ചിട്ടുണ്ട്. ഈ മാസം അവസാനം തിരുവനന്തപുരത്ത് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ജില്ലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. നിലച്ചപോയ കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിക്കണോ പുതിയ സർവീസുകൾ തുടങ്ങണോ തുടങ്ങിയ കാര്യങ്ങളും ഈ യോഗത്തിൽ ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.