കട്ടപ്പന :വാഴവരയിൽ ജനവാസ മേഖലയിലിറങ്ങിയ പുലിയുടെ ആക്രമണത്തിൽ പശുക്കിടാവിന് പരിക്കേറ്റു. പള്ളിനിരപ്പേൽ കണ്ടത്തിൽ ജോൺ ദേവസ്യയുടെ തൊഴുത്തിൽ നിന്ന കിടാവിനാണ് പുലിയുടെ ആ ക്രമണത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെ തൊഴുത്തിൽ നിന്ന് കിടാവിന്റെ അലർച്ച കേട്ടെന്നും രാവിലെ നോക്കിയപ്പോൾ കിടാവ് ചോര വാർന്ന നിലയിൽ കാണുകയായിരുന്നെന്നും ജോൺ പറഞ്ഞു. വന്യ മൃഗം അക്രമിച്ചതാണെന്ന് സംശയമുണ്ടായതിനെ തുടർന്ന് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. അയ്യപ്പൻ കോവിൽ റേഞ്ച് ഓഫീസർ എസ്. കണ്ണന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
വാഴവര പള്ളിസിറ്റിയിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രി കടുവയെ കണ്ടതായി വാർത്ത പരന്നതിനെത്തുടർന്ന് നാട്ടുകാർ ഭീതിയിലായി. വെള്ളിയാഴ്ച രാവിലെ കണ്ടത്തിൽ ജോണിന്റെ കിടാവിനെ പരിക്കേറ്റനിലയിൽ കണ്ടെത്തിയതോടെ സംശയം ബലപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയിട്ടും ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിക്കാനായില്ല. ഒടുവിൽ തേക്കടിയിൽ നിന്ന് ഫോറെസ്റ്റ് വെറ്റിനറി അസിസ്റ്റന്റ് സർജൻ ഡോ. അനുരാജ് സ്ഥലത്ത് എത്തി കിടാവിന്റെ മുറിവ് പരിശോധിച്ചശേഷമാണ് പുലിയുടെ ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്.കഴുത്തിന് ആഴത്തിൽ പരിക്കേറ്റ കിടാവ് രക്ഷപെടാൻ സാദ്ധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഹിജൻ അജണ്ടയെന്ന്
മേഖലയിൽ വന്യ മൃഗ ആക്രമണ ഭീതിപരത്തി കർഷരെ ജീവനും കൊണ്ട് ഓടിരക്ഷ പെടാനുള്ള 'ഹിഡൻ അജണ്ട 'യാണ് അധികൃതർ നടപ്പാക്കുന്നതെന്ന് കർഷകർ ആരോപിച്ചു. ജനവാസ മേഖലയിൽ ആക്രമണം രൂക്ഷമായാൽ സ്വാഭാവികമായും മേഖല ഭീതിയിലാകും. നിർമ്മാണനിരോധനവും ബഫർ സോൺ പ്രശ്‌നവും മൂലം ജീവിതം വഴിമുട്ടിയ കർഷകർ ഗത്യന്തിരമില്ലാതെ കൂട്ട പലായനത്തിന് നിർബന്ധിതരാകും. കാട്ടു പന്നി അടക്കമുള്ള വന്യമൃഗ ശല്യം നിയന്ത്രിക്കാൻ അധികൃതർ തയ്യാറാവാത്തത് ഇതിനാലാണെന്ന് കർഷകർ ആരോപിക്കുന്നു. ജനവാസ മേഖലയിൽ 'ഫെൻസിങ് 'സ്ഥാപിക്കാൻ പോലും ബന്ധപ്പെട്ടവർ തയ്യാറാകാത്തത് ഇതിനാലാണ്. എത്ര കഷ്ട്ടപ്പാട് സഹിക്കേണ്ടി വന്നാലും അതിനെതീരെ ചെറുത്തു നിൽക്കുമെന്ന് കർഷകർ പറഞ്ഞു.