തൊടുപുഴ: മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ റോഡ് മാപ്പിങ്ങിൽ കണ്ടെത്തിയത് ജില്ലയിൽ 161 അപകട സാദ്ധ്യതാ മേഖലകൾ. ജില്ലയിലൂടെ കടന്ന് പോകുന്ന ദേശീയ പാതകളിൽ 45 ഇടങ്ങളിലും സംസ്ഥാന പാതകളിൽ 60 ഇടങ്ങളിലും അപകട സാദ്ധ്യത മേഖലകളുണ്ട്. മുൻകാലങ്ങളിൽ കൂടുതൽ അപകടങ്ങൾ നടന്ന സ്ഥങ്ങളെയടക്കം കണ്ടെത്തി ഹൈ റിസ്‌ക്, മോഡറേറ്റ് റിസ്‌ക്, ലോ റിസ്‌ക് എന്നിങ്ങനെ ക്ലസ്റ്ററുകളാക്കിയാണ് വേർതിരിക്കുന്നത്. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പഠനങ്ങൾ നടത്തി റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തേണ്ട നടപടികൾ വിശകലനം ചെയ്തും പഠിച്ചും അപകടങ്ങൾ ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കുകയാണ് ഇത്തരമൊരു മാപ്പിങ്ങിന്റെ ലക്ഷ്യം. അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ, റോഡിന്റെ അപാകത എന്നിവപഠന വിധേയമാക്കി റോഡ് സുരക്ഷാ മുൻ കരുതൽ നടപ്പാക്കുക കൂടിയാണ് മാപ്പിങ്ങിന്റെ ലക്ഷ്യം. 2018 മുതൽ 2021 വരെയുള്ള അപകടങ്ങളുടെ വിവരങ്ങൾ ശേഖരിച്ചും അപകടങ്ങളുടെ എണ്ണം കണക്കിലെടുത്തുമാണ് മാപ്പിങ്ങിലൂടെ മേഖലകൾ കണ്ടെത്തി ക്ലസ്റ്ററുകളായി തിരിച്ചിരിക്കുന്നത്. ജില്ലയിൽ ബ്ലാക്ക് സ്‌പോട്ടുകൾ ഒന്നുമില്ലെങ്കിലും അപകടങ്ങൾ പതിവാകുന്ന ഇടങ്ങളിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ഇവിടങ്ങളിൽ പട്രോളിങ്ങ് നടത്താനുമൊക്കെയാണ് ഇത്തരമൊരു പഠനം നടത്തിയിരിക്കുന്നത്. ശ്രദ്ധിച്ചാൽ അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാമെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. തകർന്ന റോഡുകൾ, വാഹനങ്ങളുടെ അമിത വേഗം, ഡ്രൈവറുടെ അശ്രദ്ധ തുടങ്ങിയവ തന്നെയാണ് മിക്ക അപകടങ്ങൾക്കും കാരണം.
ഈ വർഷം പൊലിഞ്ഞത്
60 ജീവനുകൾ
ജില്ലയിൽ ഈ വർഷം ഇതുവരെ അറുപതോളം ജീവനുകളാണ് റോഡുകളിൽ പൊലിഞ്ഞത്. കഴിഞ്ഞവർഷം ജില്ലയിൽ 967 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വിവിധ അപകടങ്ങളിലായി 41 പേർ മരിക്കുകയും ചെയ്തു. ശരാശരി ഒരു മാസം ചെറുതും വലുതുമായ അമ്പതോളം റോഡ് അപകടങ്ങൾ ജില്ലയിൽ ഉണ്ടാകുന്നെന്നാണ് കണക്കുകൾ.
ഹൈറിസ്‌കിൽ 27 ഇടങ്ങൾ
വാഹന അപകടങ്ങളുടെ എണ്ണം പരിശോധിച്ചതിൽ ജില്ലയിൽ ഹൈറിസ്‌ക് വിഭാഗത്തിൽ വരുന്നത് 27 ഇടങ്ങളാണ്. അഞ്ച് മുതൽ പത്ത് വരെ അപകടങ്ങൾ സംഭവിച്ച ഇടങ്ങളാണ് ലോറിസ്‌ക് മേഖലകളും പത്ത് മുതൽ 15 വരെയുള്ളത് മോഡറേറ്റും 15ന് മുകളിൽ ഹൈറിസ്‌കുള്ള പ്രദേശങ്ങളുമായാണ് മാർക്ക് ചെയ്തിരിക്കുന്നത്. മോഡറേറ്റ് പ്രദേശങ്ങളിൽ 54ഉം ലോറിസ്‌കിൽ 80 പ്രദേശങ്ങളും ഉൾപ്പെടും.
ഹൈറിസ്‌ക് മേഖലകൾ
ദേവികളും താലൂക്ക്- അഞ്ച്, തൊടുപുഴ- 12, ഉടുമ്പൻചോല- മൂന്ന്, പീരുമേട്- രണ്ട്, ഇടുക്കി- അഞ്ച്
മോഡറേറ്റ് മേഖലകൾ
ദേവികുളം- 13, തൊടുപുഴ- 17, ഉടുമ്പൻചോല- 9, പീരുമേട്- 9, ഇടുക്കി- ആറ്.
ലോ റിസ്‌ക് മേഖലകൾ
ദേവികുളം- 18, തൊടുപുഴ- 18, ഉടുമ്പൻചോല- 14, പീരുമേട്- 14, ഇടുക്കി- 16