തൊടുപുഴ: ഉടുമ്പന്നൂർ സ്വദേശിയായ യുവാവിൽ നിന്ന് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്‌നാട് സ്വദേശി പിടിയിൽ. കോയമ്പത്തൂർ വടവള്ളി സ്വദേശി പ്രഭാകറിനെയാണ് (52) കരിമണ്ണൂർ എസ്.എച്ച്.ഒ സുമേഷ് സുധാകറിന്റെ നിർദേശപ്രകാരം അറസ്റ്റു ചെയ്തത്. പേപ്പർ കപ്പുകളും സാനിറ്ററി പേപ്പറും നിർമിക്കുന്ന യന്ത്രം നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. കോയമ്പത്തൂരിൽ സാപ്പ് പേപ്പർ ടെക്‌നിക് എന്ന സ്ഥാപനത്തിന്റെ മാനേജരാണ് പ്രഭാകർ. സ്ഥാപനത്തിന്റെ ഉടമയും ഇയാളുടെ ഭാര്യയുമായ പ്രേമലത ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. എസ്‌.ഐ പി.എൻ. ദിനേശ്, എ.എസ്‌.ഐ രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.ആർ. അജീഷ്, മനു ബേബി എന്നിവരടങ്ങിയ സംഘം കോയമ്പത്തൂർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.