തൊടുപുഴ:താലൂക്ക് ഭൂപതിവ് സമിതി യോഗം താലൂക്ക് ഓഫീസിൽ ചേർന്നു. നാല് വർഷങ്ങൾക്കിടെ 690 അപേക്ഷകളാണ് ഭൂമി പതിവുമായി ബന്ധപ്പെട്ട് കരിമണ്ണൂർ ലാന്റ് അസൈൻമെന്റ് ഓഫീസിൽ ലഭിച്ചത്. ഉടുമ്പന്നൂർ, വെള്ളിയാമറ്റം വില്ലേജുകളിൽ നിന്നാണ് കൂടുതൽ അപേക്ഷകൾ. അപേക്ഷകളിൽ സർവ്വേ നടപടികൾ പുരോഗമിക്കുകയാണ്. എന്നാൽ കൊവിഡ് പ്രതിസന്ധി മൂലം ഏതാനും മാസം അപേക്ഷകളിൽ അന്വേഷണം നടത്താനോ തുടർ നടപടികൾ സ്വീകരിക്കാനോ സാധിച്ചിരുന്നില്ല. ഇതേ തുടർന്ന് അടിയന്തിരമായി ഭൂ പതിവ് കമ്മിറ്റികൾ ചേർന്ന് അപേക്ഷകളിൽ തീരുമാനമെടുക്കാൻ ജില്ലാ കളക്ടർ ഷീബ ജോർജ് നിർദ്ദേശിക്കുകയായിരുന്നു. തൊടുപുഴ തഹസിൽദാർ എം.അനിൽകുമാർ, കരിമണ്ണൂർ എൽ.എ തഹസിൽദാർ സിബി ജേക്കബ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.