
ചെറുതോണി: സംസ്ഥാന പൊതുഗതാഗത സംവിധാനത്തിലെ വാഹനങ്ങളുടെയും, സ്വകാര്യ ബസുകളുടെയും പുറപ്പെടുന്ന സമയവും ഓരോ സ്ഥലങ്ങളിലും എത്തുന്ന സമയവും പൊതുജനങ്ങൾക്ക് അറിയുന്നതിനായി റൂട്ട് മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കുമെനന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മോട്ടോർ വാഹനവകുപ്പ് നടത്തുന്ന ജില്ലാതല പരാതി പരിഹാര അദാലത്ത്, 'വാഹനീയം 2022' ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അദാലത്തിൽ ലഭിച്ച 335 പരാതികളിൽ 321 പരാതികളും മന്ത്രി നേരിട്ട് തീർപ്പാക്കി.
13 ജില്ലകളിലായി നടത്തിയ അദാലത്തുകളിലെ വിവരങ്ങൾ അടങ്ങിയ പുസ്തകം മന്ത്രി ആന്റണി രാജു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനു നൽകി പ്രകാശനം ചെയ്തു.
അദാലത്തിൽ ലഭിച്ചതിൽ തീർപ്പാക്കാനുള്ള 14 പരാതികൾ കൂടുതൽ പരിശോധിച്ച് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് വിശദമായ ചർച്ചകൾക്ക് ശേഷം തീർപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇടുക്കി ആർ.ടി ഓഫീസിൽ നിന്നും 152 പരാതികളും വണ്ടിപ്പെരിയാറിലെ 29 പരാതികളും തൊടുപുഴയിലെ 52 പരാതികളും ദേവികുളത്തെ 40 പരാതികളും ഉടുമ്പഞ്ചോലയിലെ 48 പരാതികളും പരിഹരിച്ചു.പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനായി ഫെസിലിറ്റേഷൻ സെന്ററിന്റെ സൗകര്യവും ഒരുക്കിയിരുന്നു. ഇടുക്കി ആർ.ടി ഓഫീസും അതിന് കീഴിലുള്ള തൊടുപുഴ, ദേവികുളം, ഉടുമ്പൻചോല, വണ്ടിപ്പെരിയാർ ഓഫീസുകളും സംയുക്തമായാണ് അദാലത്ത് സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ ഷീബ ജോർജ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യൻ, ഗ്രാമപഞ്ചായത്ത് അംഗം നിമ്മി ജയൻ, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പി.എസ്. പ്രമോജ് ശങ്കർ, ഡപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ഷാജി മാധവൻ തുടങ്ങിയവർ പങ്കെടുത്തു.