തൊടുപുഴ: ഇടുക്കി കിഴുകാനം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പട്ടികവർഗ്ഗ യുവാവിനെ കേസിൽ കുടുക്കി മർദ്ദിച്ച സംഭവത്തിൽ സർക്കാർ തലത്തിൽ ഇതുവരെ സ്വീകരിച്ച
നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. സംഭവത്തിൽ ക്യത്യ വിലോപം ഉണ്ടായിട്ടുണ്ടെന്ന് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ കമ്മിഷനെ അറിയിച്ച സാഹചര്യത്തിലാണ് നടപടി. വിഷയത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് തൊടുപുഴയിൽ ഇന്നലെ നടന്ന സിറ്റിംഗിൽ പരാതിക്കാരനായ സരുൺ സജി കമ്മിഷനെ അറിയിച്ചു. ചില ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിട്ടുള്ളതായി വനം വകുപ്പ് അറിയിച്ചു. കാട്ടിറച്ചി കടത്തി എന്ന പേരിൽ കണ്ണംപടി പുത്തൻ പുരയ്ക്കൽ സരുൺ സജിയെയും ഒപ്പം ഇയാൾ ഓടിച്ചിരുന്ന ഓട്ടോറിക്ഷയും കിഴുകാനം വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വൻമാവ് ചെക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് സരുണിനെ പിടികൂടിയത് എന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. എന്നാൽ ഇത് കള്ളക്കേസാണെന്നാണ് സരുൺ സജിയുടെ വാദം. തൊടുപുഴയിൽ നടന്ന സിറ്റിംഗിൽ 37 കേസുകൾ പരിഗണിച്ചു.