കട്ടപ്പന: വാഴവര പള്ളിസിറ്റിയിൽ പുലിയിറങ്ങി വളർത്തു മൃഗത്തെ ആക്രമിച്ച സംഭവത്തെ തുടർന്ന് ഭീതിയൊഴിയാതെ നാട്ടുകാർ. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ്‌ മേഖലയിൽ പുലിയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ കണ്ടത്തിൽ ജോൺ ദേവസ്യയുടെ പശുക്കിടാവ് ഇന്നലെ ചത്തിരുന്നു. അയ്യപ്പൻകോവിൽ റേഞ്ച്‌ ഫോറസ്റ്റ് ഓഫീസർ എസ്. കണ്ണന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ മേഖലയിലെത്തി പരിശോധന നടത്തി. പുലിയുടെ ആക്രമണത്തെ തുടർന്ന് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിലൊന്നും പുലിയുടെ ചിത്രങ്ങൾ പതിഞ്ഞിട്ടില്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. വനംവകുപ്പിന്റെ മലയാറ്റൂർ ഡിവിഷനിലുള്ള കുട്ടമ്പുഴ വനമേഖലയിൽ നിന്നാവാം പുലി എത്തിയതെന്ന നിഗമനത്തിലാണ് അധികൃതർ. അടിമാലി മേഖലയിലും ചെമ്പകപ്പാറയിലും അടുത്തിടെ പുലിയുടെ സാന്നിധ്യമുള്ളതായി വാർത്ത പരന്നിരുന്നു. സംഭവത്തിന്‌ ശേഷം വാഴവര മേഖലയിൽ കൃഷി അനുബന്ധ ജോലികൾ നിലച്ച അവസ്ഥയാണ്. ഈ പ്രദേശത്തെ തൊഴിലുറപ്പ് പണികൾ ഇന്നലെ മുതൽ മുടങ്ങി. ഭയം മൂലം തൊഴിലാളികൾ എത്താത്തതാണ് കാരണം. നിർമാണ നിരോധനത്തിനും ബഫർസോൺ പ്രശ്‌നത്തിനും ഒപ്പം പുലിപ്പേടിയും നാടിനെ നിശ്ചലമാക്കുകയാണ്.

പുലിയിറങ്ങുന്നത് ആദ്യം

1950മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടിയേറിയവരാണ് ഇവിടെ താമസിക്കുന്നവരിൽ അധികവും. ദേശീയ പാത 185കടന്നുപോകുന്നത് ഈ പ്രദേശത്ത് കൂടിയാണ്. ഇരട്ടയാർ പഞ്ചായത്തിലെ ജനസാന്ദ്രത കൂടിയമേഖലയാണ് ഇത്. ഏഴ് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഈ മേഖലയിൽ പുലിയുടെ ആക്രമണം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. ഇടയ്ക്ക് കാട്ടുപന്നിയുടെ ശല്യം ഉണ്ടാകുന്നതൊഴിച്ചാൽ ഇവിടെ വന്യമൃഗ അക്രമം കേട്ടുകേഴ്‌വി പോലുമില്ല. മറ്റ് ഏതെങ്കിലും പ്രദേശത്തു നിന്ന് കെണി വച്ചു പിടിച്ച പുലിയെ ജനവാസമേഖലയോട്‌ ചേർന്നുള്ള വനമേഖലയിൽ തുറന്നു വിട്ടതാവാമെന്ന സംശയത്തിലാണ് പ്രദേശവാസികൾ.


'പുലിയുടെ ആക്രമണമുണ്ടായ സ്ഥിതിക്ക് ജനങ്ങൾ ജാഗ്രത പാലിക്കണം. ഇവിടെ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ പുലി പതിഞ്ഞിട്ടില്ലാത്തതിനാൽ മേഖലയിൽ പുലി സാന്നിധ്യം എവിടെയാണെന്ന് അറിയാത്ത സ്ഥിതിയാണ്. കാട്ടാനയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ ഫെൻസിങ് സ്ഥാപിക്കുന്നത്‌ പോലെ പുലി, കടുവ, കാട്ടുപന്നി അടക്കമുള്ളവയെ നിയന്ത്രിക്കാൻ ഫെൻസിങ് സ്ഥാപിക്കുന്നത് പ്രായോഗികമല്ല. കൂട്ടിൽ കെണി വച്ച് പിടികൂടുന്നതിനും സാങ്കേതിക തടസങ്ങൾ ഏറെയാണ്."

-കട്ടപ്പന ഫോറസ്റ്റർ പി.പി. അനീഷ് (അയ്യപ്പൻകോവിൽ റേഞ്ച്)​