തൊടുപുഴ: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് കൊവിഡ് മഹാമാരിയെ തുടർന്നുണ്ടായ ലോക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട മലയാളി പ്രവാസികളുടെ വിവരശേഖരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ തൊഴിൽ രഹിതരായി തിരിച്ചെത്തിയ ശേഷം മടങ്ങിപ്പോകാൻ കഴിയാത്ത പ്രവാസികളുടെ സാമൂഹിക സാമ്പത്തിക അവസ്ഥയെക്കുറിച്ച് മനസ്സിലാക്കുക എന്നതാണ് സർവേയുടെ ലക്ഷ്യം. പ്രവാസികൾ അഭിമുഖീകരിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സർവേ നടത്തുന്നത്.
കൂടാതെ വന്ധ്യതയുടെ വ്യാപ്തിയും ചികിത്സയും സംബന്ധിച്ച സർവേയും വകുപ്പ് ആരംഭിച്ചിട്ടുണ്ട്. വന്ധ്യതയുടെ ചികിത്സ നേരിടുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചും ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും മനസിലാക്കുകയാണ് സർവേയുടെ ലക്ഷ്യം. ഒന്നാം ഘട്ടത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വന്ധ്യത ക്ലിനിക്കുകളുടെ ലിസ്റ്റിങ്, പഠനത്തിനാധാരമായ ദമ്പതികളെ കണ്ടെത്തുന്നതിനുള്ള വീടുകളുടെ പട്ടിക തയ്യാറാക്കൽ എന്നിവയാണ് ഉൾപ്പെടുന്നത്. തൊടുപുഴ താലൂക്കിൽ നഗരസഭയിലും വിവിധ പഞ്ചായത്തുകളിലുമായി എട്ട് വാർഡുകളിലാണ് സർവേ നടത്തുന്നതിന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരാണ് തദ്ദേശസ്ഥാപനങ്ങളിലെ സാമ്പിൾ യൂണിറ്റുകളിൽ വിവരശേഖരണം നടത്തുന്നത്. ഒന്നാംഘട്ട സർവേ പ്രവർത്തനങ്ങൾ ഡിസംബർ 31ന് പൂർത്തീകരിക്കും. ജനുവരി ഒന്നിന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ വന്ധ്യത സർവേയിൽ ആശാവർക്കർമാരുടെ സേവനം കൂടി പ്രയോജനപ്പെടുത്തുന്നതാണ്. സർവേകളുടെ വിജയകരമായ പൂർത്തീകരണത്തിനും ക്യത്യമായ വിവരങ്ങൾ ലഭിക്കുന്നതിനും ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് താലൂക്ക് സ്റ്റാറ്റിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.