deen
അടിമാലി ബ്ലോക്ക് ക്ഷീരകർഷക സംഗമത്തിന്റെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിക്കുന്നു

അടിമാലി: ക്ഷീരവികസനവകുപ്പിന്റെയും ബ്ലോക്ക് ക്ഷീരകർഷക സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ 2022- 2023 വർഷത്തെ അടിമാലി ബ്ലോക്ക് ക്ഷീരകർഷക സംഗമം ഇരുമ്പുപാലത്ത് നടത്തി. ഇരുമ്പുപാലം ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ ആതിഥേയത്വത്തിലായിരുന്നു ക്ഷീരകർഷക സംഗമം നടത്തിയത്. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ക്ഷീരകർഷക സംഗമത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റി അസോസിയേഷൻ പ്രസിഡന്റ് പി.ആർ. സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. രാവിലെ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കന്നുകാലി പ്രദർശനവും വടംവലി മത്സരവും നടത്തി. വടംവലി മത്സരത്തിൽ കൊന്നത്തടി ആപ്‌കോസ് ഒന്നാം സ്ഥാനവും മച്ചിപ്ലാവ് ആപ്‌കോസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബ്ലോക്ക് ക്ഷീരസംഘങ്ങളിൽ നിന്നുള്ള പശുക്കളെ കന്നുകാലി പ്രദർശനത്തിൽ അണിനിരത്തി. കന്നുകാലി പ്രദർശനത്തിന്റെ ഉദ്ഘാടനം അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിതാ സജി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സിയാദ്, അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം എം.എ. അൻസാരി എന്നിവർ പങ്കെടുത്തു. കന്നുകാലി പ്രദർശനത്തിൽ കറവ പശു വിഭാഗത്തിൽ ബിനോയി ഒ.ജെ. ഓലപ്പുര ഒന്നാം സ്ഥാനവും കിടാരി വിഭാഗത്തിൽ മാത്യു ടി.വി തുടമ്മേൽ ഒന്നാം സ്ഥാനവും നേടി. കന്നുകുട്ടി വിഭാഗത്തിൽ സി.പി. ഹസൻ ചിറപ്പുലിയിൽ ഒന്നാം സ്ഥാനം നേടി. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, ജില്ലാ പഞ്ചായത്തംഗം സോളി ജീസസ്, മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ എം.ടി. ജയൻ, മിൽമ ഡയറക്ടർ ബോർഡംഗങ്ങളായ ഗോപാലകൃഷ്ണൻ, പോൾ മാത്യു, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡോളസ് പി.ഇ. ഇരുമ്പുപാലം ആപ്‌കോസ് പ്രസിഡന്റ് കെ. പി. ബേബി, അടിമാലി ക്ഷീര വികസന ഓഫീസർ രാകേന്ദു കെ.ആർ, തുടങ്ങിയവർ പങ്കെടുത്തു. കന്നുകാലി പ്രദർശനത്തിലും വടംവലി മത്സരത്തിലും വിജയികളായവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ സമ്മാനിച്ചു.