roshy
അടിമാലി താലൂക്കാശുപത്രി പുതിയ ബ്ലോക്കിന്റെയും ഫയർ ആൻഡ് സേഫ്‌റ്റി വാട്ടർ ടാങ്കിന്റെയും നിർമ്മാണ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കുന്നു

അടിമാലി: ജില്ലയുടെ ആരോഗ്യരംഗത്ത് മർമ്മപ്രധാനമായ സ്ഥാനം അടിമാലി താലൂക്കാശുപത്രിക്ക് ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അടിമാലി താലൂക്കാശുപത്രി പുതിയ ബ്ലോക്കിന്റെയും ഫയർ ആൻഡ് സേഫ്‌റ്റി വാട്ടർ ടാങ്കിന്റെയും നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരോഗ്യവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ടൗൺ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമെന്ന നിലയിൽ അടിമാലി താലൂക്കാശുപത്രിക്ക് സൗകര്യങ്ങളും അസൗകര്യങ്ങളുമുണ്ട്. ഗൈനക്കോളജി വിഭാഗം നന്നായി പ്രവർത്തിക്കുന്ന ആശുപത്രികളിൽ ഒന്നാണ് അടിമാലി താലൂക്കാശുപത്രി. അടിസ്ഥാന സൗകര്യങ്ങളിൽ ചില കുറവുകളുണ്ട്. അത് നികത്തികൊണ്ടു പോകേണ്ടത് അനിവാര്യമാണ്. അക്കാര്യത്തിൽ കൂടിയാലോചനകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ 376.57 ലക്ഷം രൂപ മുതൽ മുടക്കിൽ നിർമ്മാണം പൂർത്തിയായിട്ടുള്ള സി.സി.യു കാത് ലാബ് കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലായി കിഫ്ബി ഫണ്ടായ 13.91 കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ഒ.പി ഡയഗ്‌നോസ്റ്റിക് കെട്ടിടത്തിന്റെയും ഫയർ & സേഫ്‌റ്റി വാട്ടർ ടാങ്കിന്റെയും നിർമ്മാണോദ്ഘാടനമാണ് മന്ത്രി നിർവ്വഹിച്ചത്. പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്ന മുറയ്ക്ക് ഒ.പി യൂണിറ്റിന്റെ പ്രവർത്തനം പൂർണ്ണമായും ഇവിടേക്ക് മാറ്റും. കൂടാതെ ആധുനിക എക്‌സ്‌റേ യൂണിറ്റിന്റെ പ്രവർത്തനവും ഇവിടേക്ക് മാറ്റി സ്ഥാപിക്കും. അഡ്വ. എ. രാജ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. താലൂക്കാശുപത്രി അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിതാ സജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സിയാദ്, ജില്ലാ പഞ്ചായത്തംഗം സോളി ജീസസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുരേഷ് വർഗ്ഗീസ് എസ്, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. പ്രസീത തുടങ്ങിയവർ പങ്കെടുത്തു.