കരിമണ്ണൂർ: തട്ടക്കുഴ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ടോയ്‌ലറ്റ് ബ്ളോക്ക് അടിച്ചു തകർത്ത പ്രതികൾ പിടിയിൽ. തട്ടക്കുഴ സ്‌കൂളിലെ തന്നെ വിദ്യാർത്ഥികളായ മൂന്ന് പേരാണ് പിടിയിലായത്. പന്നൂർ തോട്ടുപുറത്ത് അഖിൽ സുധീഷും (19) പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. യോദ്ധാവ് പദ്ധതിയുടെ ഭാഗമായി കരിമണ്ണൂർ പൊലീസിന്റെ നേതൃത്വത്തിൽ തട്ടക്കുഴ സ്‌കൂളിലെ ക്ളാസിൽ കയറാത്ത ഏതാനും വിദ്യാർത്ഥികളെ പരിശോധിച്ചതിൽ ലഹരി ബന്ധം കണ്ടെത്തിയിരുന്നു. മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും പൊലീസ് നിരന്തരമായ ക്ളാസുകൾ നൽകിയതിന്റെ ഫലമായി കുട്ടികൾ സ്വമേധയാ പൊലീസിനൊപ്പം ചേർന്ന് ലഹരി വിരുദ്ധ പരിപാടികൾ ആസൂത്രണം ചെയ്യുകയും ലഹരിക്കായി ഉപയോഗിക്കാറുള്ള ടോയ്‌ലറ്റ് വൃത്തിയാക്കി സൂക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിൽ അരിശം പൂണ്ട ലഹരി ബന്ധമുള്ള കുട്ടികളാണ് ടോയ്‌ലറ്റ് ബ്ളോക്ക് അടിച്ചു തകർത്തത്. പിന്നീട് കുട്ടികൾക്ക് കൗൺസിലിങും കുട്ടികളോടൊപ്പം ബോധവത്കരണം നടത്തിയും രഹസ്യ വിവരങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതികൾ പിടിയിലായത്. ഇൻസ്‌പെക്ടർ സുമേഷ് സുധാകന്റെ നിർദ്ദേശപ്രകാരം എസ്.ഐ ഹാഷിം കെ.എച്ച്, എ.എസ്.ഐ. ഷൈലജ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.