ചെറുതോണി: സി.വി വർഗീസ് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ട് നടത്തുന്ന ആക്ഷേപങ്ങൾ പുച്ഛിച്ച് തള്ളുന്നതായി ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ഉടുമ്പന്നൂർ- മണിയാറൻകുടി റോഡിന് വനംവകുപ്പിന്റെ അനുമതിയാണ് ആവശ്യമായിട്ടുള്ളത്. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അനുകൂലമായ റിപ്പോർട്ട് ഉണ്ടാവണം. അതിന് വേണ്ടി മന്ത്രിതലത്തിൽ യോഗങ്ങൾ വിളിക്കുകയും മന്ത്രിയെക്കൊണ്ട് അനുകൂലമായ നടപടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തത് എം.പിയെന്ന നിലയിൽ താനാണ്. വനംമന്ത്രി അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. രണ്ടാമതായി ചെറുതോണിപ്പാലത്തിന്റെ അലൈൻമെന്റ് മാറ്റിയെന്നുള്ള വ്യാജ ആക്ഷേപമാണ്. 2018ൽ പ്രളയത്തിന് ശേഷം പാലം പണിയുന്നതിനുവേണ്ടി നടപടി സ്വീകരിച്ചെങ്കിലും എസ്റ്റിമേറ്റ് തുക കൂട്ടിക്കാണിച്ചതിനാൽ, അന്തിമ അംഗികാരം നേടിയെടുക്കാനായില്ല. താൻ എം.പിയായതിന് ശേഷമാണ് പാലത്തിന്റെ എസ്റ്റിമേറ്റ് തുക കുറച്ച് അംഗികാരം നേടിയെടുത്തത്. അലൈൻമെന്റ് നേരത്തെ തീരുമാനിച്ചതാണ്. മൂന്നാമതായി 500ഏക്കർ റവന്യൂഭൂമി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൂന്നാറിൽ വനംവകുപ്പിന് വാങ്ങിക്കൊടുത്തുവെന്ന് പറയുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല. ഇത് ബാലിശമായ അഭിപ്രായം മാത്രമാണ്. ഇവിടെ വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ എതിർപ്പുകൾ നീക്കുന്നതിന് വേണ്ടി ചർച്ച നടത്തിയതും പി.ഡബ്ല്യു.ഡി മന്ത്രിയുടെ ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിൽ പലപ്രാവശ്യം യോഗം ചേർന്നതും തീരുമാനമെടുത്തതുമെല്ലാം മുൻ എം.പിയുടെ കാലത്താണ്. തന്നെയുമല്ല, നിലനിൽക്കുന്ന നിയമങ്ങളും സംവിധാനങ്ങളും അനുസരിച്ചുകൊണ്ട് റവന്യീഭൂമി വനംവകുപ്പിന് കൈമാറി വികസനം നടപ്പിലാക്കിയിട്ടുണ്ടങ്കിൽ അത് സർക്കാരിന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ്. ഇക്കാര്യത്തിലൊന്നും എം.പിയെന്ന നിലയിൽ ഒരു ഇടപെടലും നടത്തിയിട്ടുമില്ല. എന്തെങ്കിലും സംശയമുള്ളവർക്ക് വിവരാവകാശ നിയമപ്രകാരം രേഖകൾ ലഭ്യമാക്കാൻ സാധിക്കുമെന്നും എം.പി പറഞ്ഞു. സ്‌പൈസസ് ബോർഡ് അംഗമെന്ന നിലയിൽ കഴിഞ്ഞകാലങ്ങളിൽ പ്രവർത്തിച്ചിരുന്നു. ഏലം വിലയിടിവുമായി ബന്ധപ്പെട്ട് സ്‌പൈസസ് ബോർഡിന് യാതൊന്നും ചെയ്യാൻ കഴിയുന്നില്ല. കേന്ദ്രസർക്കാർ യാതൊരുവിധ ആനുകൂല്യങ്ങളും സ്‌പൈസസ് ബോർഡ് വഴി വിതരണം ചെയ്യുന്നില്ല. അപ്പോൾ നാമമാത്രമായി ബോർഡ് അംഗം എന്ന നിലയിൽ തുടരുന്നതിൽ അർത്ഥമില്ലെന്നു മനസിലാക്കി, വിലയിടിവിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനാണ് തുടർന്നുള്ള ബോർഡ് യോഗത്തിൽ തന്നെ ഉൾപ്പെടുത്തേണ്ടതില്ലന്നുള്ള തീരുമാനം രേഖമൂലം അറിയിച്ചിട്ടുള്ളതെന്നും എം.പി പറഞ്ഞു.