വണ്ണപ്പുറം: കള്ളിപ്പാറ ഹെയർപിൻ വളവിൽ കെ.എസ്.ആർ.ടി.സി ബസ് തകരാറിലായതിനെ തുടർന്ന് വണ്ണപ്പുറം- ചേലച്ചുവട് റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് തൊടുപുഴയിൽ നിന്ന് കട്ടപ്പനയ്ക്ക് പോകുന്ന ബസ് കള്ളിപ്പാറ രണ്ടാം വളവ് തിരിഞ്ഞ് കയറ്റം കയറുന്നതിനിടെ തകരാറിലായത്. തുടർന്ന് മറ്റ് വാഹനങ്ങൾ കടന്നുപോകാനാകാതെ റോഡിൽ കുടുങ്ങി. ഇരുവശത്തേക്കും ഒരു കിലോമീറ്ററോളം ദൂരം വാഹനങ്ങൾ കുരുക്കിലായി. ബൈക്കുകളും ഓട്ടോറിക്ഷകളും മാത്രമാണ് കടന്നുപോയത്. ഏഴ് മണിയോടെയാണ് മെക്കാനിക്കെത്തി ബസ് നന്നാക്കാൻ ആരംഭിച്ചത്. തുടർന്ന് ഏഴരയോടെ തകരാർ പരിഹരിച്ച് വാഹനങ്ങൾ കടത്തിവിട്ടു. ഈ സമയമത്രയും വിദ്യാർത്ഥികളടക്കമുള്ളവരുടെ വാഹനങ്ങൾ കുരുക്കിലകപ്പെട്ടു. 4.10ന് തൊടുപുഴയിൽ നിന്ന് പുറപ്പെട്ട് ഏഴിന് കട്ടപ്പനയിലെത്തുന്ന കട്ടപ്പന ഡിപ്പോയുടെ ബസാണ് കുടുങ്ങിയത്.