കട്ടപ്പന:സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽപെടുത്തി ഇടുക്കി ജില്ലയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വൈ.സി.സ്റ്റീഫൻ ആരോപിച്ചു . ഇതിനെതിരെ കർഷകർ ജാഗ്രത പാലിക്കണം. ഇടുക്കിക്ക് മുൻപ് കാർഷിക പുരോഗതി പ്രാപിച്ച ഗുഡല്ലൂർ പ്രദേശം ബഫർ സോണിന്റെ പേരിൽ കുടി ഒഴിക്കപ്പെട്ടു. ഇന്ന് വനമായി മാറിയ ആ പ്രദേശത്ത് പഴയകാല പ്രതാപത്തിന്റെ അസ്ഥിപഞ്ചരം മാത്രമാണ് അവശേഷിച്ചത്. ജില്ലയിൽ കാട്ടു മൃഗങ്ങളുടെ ശല്ല്യം ചൂണ്ടിക്കാട്ടിയാൽ സ്ഥലം വിറ്റുപോകാനുള്ള ഉപദേശമാണ് സർക്കാർ ഉദ്യഗസ്ഥർ നൽകുന്നത്. ഈ സാഹചര്യത്തിൽ സമരരംഗത്തിറങ്ങുകയല്ലാതെ കർഷകർക്ക് മറ്റു വഴിയില്ല. ഉപഗ്രഹ സർവ്വേയിലെ പരാതികൾ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവിശ്യപെട്ട് 31 ന് ജില്ലയിലെ ഫോറസ്റ്റ് ഓഫീസുകൾക്ക് മുന്നിൽ സമരം നടത്തുമെന്നും ഭാരവാഹികളായ ടോമി തെങ്ങും പള്ളി, ജോജോ കൊല്ലകൊമ്പിൽ, ജോയി മൂലക്കാട്ടു, സി എം കുര്യൻ എന്നിവർ അറിയിച്ചു.