കട്ടപ്പന: ബഫർ സോൺ വിഷയത്തിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാരിനെ കൊണ്ട് നിശ്ചിത സമയത്തിനുള്ളിൽ തീരുമാനം എടുപ്പിക്കുന്നതിൽ മന്ത്രി റോഷി അഗസ്റ്റിൻ പരാജയപ്പെട്ടെന്ന് യു.ഡി.എഫ് ചെയർമാൻ ജോയി വെട്ടിക്കുഴി. ജനുവരി 11ന് ബഫർ സോൺ കേസിന്റെ വിചാരണ സുപ്രീംകോടതിയിൽ വരുമ്പോൾ കോടതി പരാമർശം സംസ്ഥാന സർക്കാരിന് എതിരായാൽ അതിന്റെ ഉത്തരവാദിത്തം സർവ്വേ ഡിപ്പാർട്ട്‌മെന്റിന്റെയും ജനങ്ങളുടെയും മേൽ കെട്ടിവയ്ക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സംരക്ഷിത വനങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ നിശ്ചയിക്കണമെന്ന് 2019 ഒക്ടോബർ 23 ലെ മന്ത്രിസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മാണങ്ങളുടെയും മറ്റ് പ്രസക്ത വിവരങ്ങളുടെയും ലിസ്റ്റും വിശദമായ റിപ്പോർട്ടും മൂന്നുമാസത്തിനകം വനംവകുപ്പ് ചീഫ് കൺസർവേറ്റർ മുഖേന സുപ്രീംകോടതിയിൽ സമർപ്പിക്കണമെന്ന തീരുമാനം നടപ്പായില്ല. 2022 ജൂൺ മൂന്നിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാരിനെ കൊണ്ട് നിശ്ചിത സമയത്തിനുള്ളിൽ തീരുമാനം എടുപ്പിക്കുന്നതിൽ പരാജയപ്പെട്ട ഇടുക്കിയുടെ പ്രതിനിധിയും മന്ത്രിസഭാ അംഗവുമായ റോഷി ആഗസ്റ്റിൻ ഇടുക്കിയിലെ ജനങ്ങളോട് മാപ്പ് പറയണം. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് റിമോട്ട് സെൻസിങ് ഡിപ്പാർട്ട്‌മെന്റിനെക്കൊണ്ട് മാപ്പ് തയ്യാറാക്കാൻ നിശ്ചയിച്ചതെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവന ബാലിശമാണ്. സാറ്റലൈറ്റ് ചിത്രങ്ങളും ഡോൺ റിപ്പോർട്ടുകളും, വിവരശേഖരണത്തിൽ ഉപയോഗിക്കാമെന്ന് മാത്രമേ വിധിയിൽ പറഞ്ഞിട്ടുള്ളൂ. സർക്കാർ തയ്യാറാക്കിയിരിക്കുന്ന മാപ്പ് ആധികാരിക രേഖയല്ലെങ്കിൽ ആധികാരിക രേഖ ഏതാണെന്ന് മന്ത്രി പറയണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൊണ്ട് റിപ്പോർട്ട് തയ്യാറാക്കിക്കുന്നതിനു പകരം ജനങ്ങളെ വട്ടം കറക്കുന്ന പരിപാടി സർക്കാർ അവസാനിപ്പിക്കണം. ജനരോഷം ഉണ്ടാകാതെയിരുന്നെങ്കിൽ ഡിജിറ്റൽ മാപ്പ് തന്നെ കോടതിയിൽ സമർപ്പിച്ച് കുരുക്കിലാകുമായിരുന്നു. റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം സർക്കാരും ഉദ്യോഗസ്ഥരും ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.