പീരുമേട്: പീരുമേട്പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണവും പഞ്ചായത്ത് വികസന സമിതി യോഗവും ചേർന്നു.
വികസന സമിതി യോഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷമി ഹെലൻ സെമിനാറിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 17വാർഡിലും കുടിവെള്ളം ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ, വിവിധ പൊതു റോഡുകൾ, പാമ്പനാർ ടൗൺ, പീരുമേട്, കുട്ടിക്കാനം ടൗൺ, വികസനം തുടങ്ങിയ ആശയങ്ങൾ യോഗത്തിൽ ചർച്ചയായി. ത്രിതല പഞ്ചായത്ത് ഫണ്ടുകൾക്ക് പുറമെ എംപി,എം.എൽ.എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടുകളും, മറ്റ് ഡിപ്പാർട്‌മെന്റ് ഫണ്ടുകളും പഞ്ചായത്തിന്റെ വികസനത്തിന് ഉപയോഗിക്കുന്നതിന് കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് പഞ്ചായത്തംഗങ്ങൾ പറഞ്ഞു. വികസന സെമിനാറിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സ്മിതാ മോൾ, പി.എ.ജേക്കബ് പഞ്ചായത്ത് സെക്രട്ടറി എസ്.എൽ. അനിൽകുമാർ എന്നിവർ സംസാരിച്ചു.