വണ്ടിപ്പെരിയാർ: പാമ്പിനെ പിടിക്കുന്നതിനിടയിൽ വനം വകുപ്പ് ജീവനക്കാരന് കടിയേറ്റു. ഇഞ്ചിക്കാട് ആറ്റോരം ഭാഗത്ത് പാമ്പിനെ പിടിക്കുന്നതിനിടയിൽ വനം വകുപ്പിന്റെ ദ്രുതകർമ്മ സേനാഗമായ വള്ളക്കടവ് ഉണ്ണീഭവനത്തിൽ ആരോമലിനാണ് (30) പാമ്പിന്റെ കടിയേറ്റത്. വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് ഭാഗത്ത് വീടുകൾക്കിടയിൽ പാമ്പിനെ കണ്ടതിനെ തുടർന്നാണ് പഞ്ചായത്ത് വനംവകുപ്പിനെ വിവരമറിയിച്ചത്. തുടർന്ന് റേഞ്ച് ഓഫീസറിന്റെ നിർദ്ദേശമനുസരിച്ച് ശബരിമല സീസണിനോടനുബന്ധിച്ച് പട്രോളിംഗ് നടത്തുകയായിരുന്ന പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷനിലെ ദ്രുതകർമ്മ സേനയിലെ അംഗമായിരുന്ന ആരോമലും സംഘവും ഇവിടെ എത്തുകയായിരുന്നു. അണലി വർഗത്തിൽപ്പെട്ട പാമ്പിനെ പിടികൂടുന്നതിനിടയിൽ അരോമലിന് കടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ പാമ്പിനെ പിടികൂടുകയും ചെയ്തു. പരിക്കേറ്റ ആരോമലിനെ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആന്റീവനം ഇല്ലാത്തതിനാൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് പ്രാഥമിക ശ്രുശൂഷ നൽകി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ അപകടനില തരണം ചെയ്തതായി വനം വകുപ്പ് അധികാരികൾ അറിയിച്ചു.