തൊടുപുഴ: തെരുവ് വിളക്കുകളെല്ലാം മിഴി തുറക്കാതായതോടെ രാത്രി തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമെത്തുന്നവർ ഇരുട്ടിലായ സ്ഥിതിയാണ്. നഗരത്തിൽ പലയിടത്തായി വലിയ ഹൈമാസ്റ്റ് ലൈറ്റുകളും നിരവധി മിനി ഹൈമാസ്റ്റ് ലൈറ്റുകളുമുണ്ട്. ഇതിൽ ഭൂരിഭാഗവും ഏറെക്കാലമായി പ്രവർത്തിക്കുന്നില്ല. പോസ്റ്റുകളിലെ പുതിയ എൽ.ഇ.ഡി വഴി വിളക്കുകളും പലയിടത്തും തെളിയുന്നില്ല. പലപ്പോഴും യാത്രക്കാർ രാത്രിയാത്ര ചെയ്യുന്നതാകട്ടെ സമീപത്ത് പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനത്തിന്റെ വെളിച്ചത്തിലാണ്. എട്ട് മണിക്ക് ശേഷം കടകളടയ്ക്കുന്നതോടെ പലയിടത്തും ഇത്തരത്തിലുള്ള വെളിച്ചവും ഇല്ലാതാകും. വെളിച്ചക്കുറവ് മൂലം പലപ്പോഴും എതിരെ നിന്ന് വരുന്ന വാഹനങ്ങൾ ദൂരെ നിന്ന് കാണാൻ കഴിയുന്നില്ലെന്നും ഇത് വലിയ രീതിയിലുള്ള അപകടങ്ങൾ സൃഷ്ടിക്കാൻ കാരണമാകുമെന്നും പറയുന്നു. ഇപ്പോൾ അന്തരീക്ഷത്തിൽ തണുപ്പും മഞ്ഞ് നിറഞ്ഞ് നിൽക്കുന്ന സാഹചര്യം കൂടിയായതിനാൽ അപകടത്തിന്റെ തോത് വർദ്ധിക്കും. ഇരുട്ടിൽ രാത്രികാലയാത്ര ചെയ്യുന്ന കാൽനടയാത്രക്കാരെ സംബന്ധിച്ച് ഇഴജന്തുക്കളെയും അതുപോലെ തസ്‌കരന്മാരുടെയും ആക്രമണത്തെ ഭയന്ന് വേണം സഞ്ചരിക്കാൻ. വെളിച്ചമില്ലാത്തതിനാൽ തന്നെ നഗരത്തിൽ സാമൂഹ്യവിരുദ്ധരുടെ ശല്യവും ഏറി വരികയാണ്. വഴിവിളക്കുകൾ ഇടവേളകളിൽ മാറ്റി സ്ഥാപിക്കാനും പരിശോധിക്കാനും സംവിധാനമില്ലാത്തതാണ് പ്രധാനപ്രശ്‌നം.
രണ്ട് മാസമായി കരാർ പുതുക്കിയില്ല
നഗരത്തിലെ വഴി വിളക്കുകൾ അറ്റകുറ്റപണി നടത്തുന്നതിൽ കരാർ നൽകുന്നതിൽ അധികൃതർക്ക് ഗുരുതര വീഴ്ച. നഗരസഭാ അധികൃതർ കൃത്യസമയത്ത് ഇടപെടാതെ വന്നതോടെയാണ് രണ്ട് മാസമായി അറ്റകുറ്റപണി മുടങ്ങി കിടക്കുന്നത്. പഴയ കരാറുകാരന്റെ കാലാവധി അവസാനിച്ചതോടെ പുതിയ ആൾക്ക് കരാർ നൽകാത്തതാണ് നിലവിലെ തടസം. നഗരസഭയിലെ 35 വാർഡുകളിൽ നിന്നും ഇത് സംബന്ധിച്ച് പരാതി വന്നിട്ടും അധികൃതർ ഇത് പരിഹരിക്കാൻ തയ്യാറായിട്ടില്ല. എത്രയും വേഗം പുതിയ ടെന്റർ വിളിച്ച് അറ്റകുറ്റപണി നടത്തണമെന്നാണ് നഗരവാസികളുടെ ആവശ്യം.