തൊടുപുഴ: കേക്കുകളുടെ മധുരമില്ലാതെ എന്ത് ക്രിസ്മസ് ആഘോഷം. കൊവിഡ് പൂർണമായും ഒഴിഞ്ഞശേഷമെത്തിയ ആദ്യ ക്രിസ്മസിന് മധുരം പകരാൻ ബേക്കറികളെല്ലാം കേക്കുകൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. മുന്തിരിയും അണ്ടിപ്പരിപ്പും നിറഞ്ഞ പ്ലം കേക്കുകളാണ് ക്രിസ്മസ് വിപണിയിലെ എക്കാലത്തെയും താരം. കൂടുതൽ വ്യത്യസ്ത രുചികളിൽ, ഫ്ളേവറുകളിൽ പ്ലം കേക്കുകൾ ഓരോ ബേക്കറികളിലും ലഭ്യമാണ്. ശരാശരി 150 രൂപ മുതലുള്ള പ്ലം കേക്കുകൾ വിപണിയിലുണ്ട്. ക്രിസ്മസ് സമ്മാനമായി കൊടുക്കാനായി കൂടുതൽ പേരും വാങ്ങുന്നത് റിച്ച് പ്ലം കേക്കാണ്. കാരറ്റ് കേക്കും ബേക്കറികളിൽ കൂടുതലായി ഇടം പിടിച്ചിട്ടുണ്ട്. വൈറ്റ് ഫോറസ്റ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങി ഫ്രഷ് ക്രീം കേക്കുകൾക്ക് 600 രൂപ മുതലാണ് വില. 400 രൂപയിൽ തുടങ്ങുന്ന ഐസിങ് കേക്കുകളും സുലഭമാണ്. ചില കടകളിൽ പ്രമേഹരോഗികൾക്കായി 'ഷുഗർ ഫ്രീ' കേക്കുകളുമുണ്ട്. അടുത്ത ദിവസങ്ങളിൽ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് ബേക്കറി ഉടമകൾ. വീടുകളിൽ ഓർഡർ അനുസരിച്ച് കേക്കുകളുണ്ടാക്കി നൽകുന്നവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ക്രിസ്മസ് അടുത്തതോടെ കേക്കുകൾക്ക് ആവശ്യക്കാരേറിയിട്ടുണ്ട്. ആഫീസുകളിലും കോളജുകളിലും സ്‌കൂളുകളിലും നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങളിൽ കേക്കിന് ആവശ്യക്കാരേറെയാണ്. കൊവിഡിന് ശേഷം വീടുകളിൽ കേക്കുകൾ തയ്യാറാക്കി വിൽക്കുന്നത് വർദ്ധിച്ചിട്ടുണ്ട്.
വെറൈറ്റി കേക്കുകളും വിലയും
ഡിലൈറ്റ് പ്ലം കേക്ക്- 590,
ഇംഗ്ലീഷ് പ്ലം- 900
ചോക്കോ മാർബിൾ- 320
കാരറ്ര് ഡയറ്റ്സ്- 340
ഗീ കേക്ക്- 480
ഫ്രഷ് ക്രീം- 600
ചോക്ലേറ്റ് ടപ്പിൾ- 800
ഡിസൈൻ ഫ്രഷ് ബ്ലാക്ക് ഫോറസ്റ്ര്- 600
വൈറ്റ് ഫോറസ്റ്റ്- 700
റെഡ് വെൽവറ്റ്- 750
വാൻചോ- 750
ബട്ടർ സ്കോച്ച്- 750
ബ്ലൂ ബെറി- 800
സമ്മാന പൊതിയും കിട്ടും
ബേക്കറികളിൽ ഇപ്പോൾ വ്യത്യസ്ത വിഭവങ്ങൾ അടങ്ങിയ സമ്മാനപൊതികൾ ലഭ്യമാണ്. കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിനെ കാണാൻ വന്നതിന്റെ ഓർമയ്ക്കായാണിത്. കേക്ക്, ജാം, ബ്രൗണി, കാൻഡിൽ, ഹോംമേഡ് ചോക്ലേറ്റ്, വൈൻ ബോട്ടിൽ എന്നിവയടങ്ങിയ ഈ ഗിഫ്റ്റ് ഹാമ്പറിന് 500 രൂപ മുതൽ 1000 രൂപ വരെയാണ് വില.
സ്വന്തമായുണ്ടാക്കുന്നവരേറെ
നേരത്തെ പിറന്നാൾ കേക്കുകളടക്കം വാങ്ങാൻ ആളുകൾ ബേക്കറികളെ പൂർണമായും ആശ്രയിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ നിരവധിപേർ സ്വന്തമായി കേക്ക് നിർമിക്കുന്നുണ്ട്. ലോക്ക് ഡൗൺ കാലത്താണ് മലയാളികളിലേറെയും കേക്കുണ്ടാക്കാൻ പഠിച്ചത്.