
പീരുമേട്: കുടുംബവഴക്കിനെ തുടർന്ന് കോൺഗ്രസ് പ്രാദേശിക നേതാവായ പിതാവ് മരിച്ചെന്ന് മകൻ ഫേസ്ബുക്കിൽ വ്യാജ പോസ്റ്റിട്ടതോടെ ഡി.സി.സി പ്രസിഡന്റടക്കമുള്ള പ്രമുഖർ ആദരാഞ്ജലിയർപ്പിച്ച് രംഗത്തെത്തി. ഇന്നലെ രാവിലെയാണ് പീരുമേട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും കോൺഗ്രസ്, ഐ.എൻ.ടി.യുസി നേതാവുമായ 60കാരൻ മരണമടഞ്ഞെന്ന് മൂത്തമകൻ ഫേസ്ബുക്കിൽ കുറിച്ചത്. പിതാവിന്റെ ഫോട്ടോയ്ക്കൊപ്പം 'ആർ.ഐ.പി, ഐ മിസ് യു" എന്നിങ്ങനെയുള്ള വാചകങ്ങളും ചേർത്തിരുന്നു. ഇതുകണ്ടാണ് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവടക്കം നിരവധി പേർ അനുശോചിച്ചത്.
അനുശോചനവും ആദരാഞ്ജലികളുമർപ്പിച്ചുള്ള തുടർച്ചയായ ഫോൺവിളികളിൽ മറുപടി കൊടുക്കാനാകാതെ ജീവിച്ചിരിക്കുന്ന പിതാവ് വിഷമത്തിലായി. ചിലർ മരണവിവരവും സംസ്കാര സമയവുമറിയാൻ ഇളയ മകനെ വിളിച്ചപ്പോഴാണ് സത്യാവസ്ഥയറിയുന്നത്. കുടുംബവഴക്കിനെ തുടർന്നാണ് 34കാരനായ മൂത്ത മകൻ പോസ്റ്റിട്ടിത്. നേരത്തെ ഇയാൾക്കൊപ്പമായിരുന്നു നേതാവും ഭാര്യയും താമസിച്ചിരുന്നത്. വഴക്കിനെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് മകൻ മാറി താമസിക്കുകയാണ്. മകനെതിരെ ആദ്യം പൊലീസിൽ പരാതി നൽകാൻ പിതാവ് തുനിഞ്ഞെങ്കിലും പിന്നീട് പിൻവാങ്ങി. വിവാദമായി മിനിട്ടുകൾക്കകം പോസ്റ്റ് മകൻ ഡിലീറ്റ് ചെയ്തു.