kpn

കട്ടപ്പന :ഹൈറേഞ്ചിലെ പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് തമിഴ് ഭിക്ഷാടന മാഫിയ ശക്തം. കട്ടപ്പന, കുമളി, നെടുംകണ്ടംതുടങ്ങിയ കേന്ദ്രങ്ങളിലാണ് തമിഴ് നാട്ടിലെ കമ്പം കേന്ദ്രീകരിച്ചുള്ള ഭിക്ഷാടന മാഫിയ സംഘങ്ങൾ വലവിരിച്ചിരിക്കുന്നത്. പുലർച്ചെ പ്രധാന കേന്ദ്രങ്ങളുടെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കമ്പത്ത് നിന്നും കമാൻഡർ ജീപ്പുകളിലാണ് ഭിക്ഷക്കാരെ കൊണ്ട് ഇറക്കുന്നത്. ഇതിൽ 10മുതൽ 90വയസ് വരെയുള്ളവരുണ്ട്. കുട്ടികളെ ബസ് സ്റ്റാൻഡുകളിൽ കാർഡും നൽകി ഭിക്ഷ നടത്തുകയാണെങ്കിൽ പ്രായമായവരെ ടൗണുകളുടെ വിവിധ ഭാഗങ്ങളിൽ ഇരുത്തുകയാണ്. കട്ടപ്പനയിൽ പുളിയന്മല റൂട്ടിലുള്ള ഒരു സ്വകാര്യ ആശുപത്രിക്ക് സമീപം ആളുകളെ കൊണ്ടിറക്കും. ഇവിടെ വച്ചാണ് അടുത്ത പടിയായി മേക്കപ്പ് നടത്തുന്നത്. ഓരോരുത്തരുടെയും ശരീര ഭാഗങ്ങളിൽ എണ്ണയും മരുന്നും പുരട്ടി തുണി വച്ചു കെട്ടും. അംഗവൈകല്യവും, പരിക്കും ഉണ്ടെന്ന് തോന്നിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. മേക്കപ്പിന് ശേഷം നടക്കാൻ ശേഷിയുള്ളവരെ വിവിധ സ്ഥലങ്ങളലേയ്ക്ക് പറഞ്ഞയയ്ക്കും. പ്രായമായവരെ അതേ വാഹനങ്ങളിൽ തന്നെ ഓരോ പോയിന്റിലും കൊണ്ടിറക്കും. രാവിലെ മുതൽ ഭിക്ഷാടനത്തിന് ഇരിക്കുന്നവർക്ക് ആഹാരം കഴിക്കാൻ പോലും അനുവാദം ഇല്ലെന്ന് പറയുന്നു. ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും നടന്നു ഭിക്ഷ എടുക്കുന്ന ചിലർ ഉച്ചയോടെ മദ്യലഹരിയിലാകും. ഇങ്ങനെ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘർഷവും അസഭ്യം പറച്ചിലും പതിവാണ്. വൈകുന്നേരം ഏജന്റുമാരുടെ ആളുകൾ എത്തി കളക്ഷൻ വാങ്ങും. ഭിക്ഷാടനക്കാർ ഭൂരിഭാഗവും തിരികെ ബസുകളിലാണ് കമ്പത്തേയ്ക്ക് പോകുന്നത്. കടത്തിണ്ണയിൽ കിടന്ന് ഉറങ്ങുന്നവരും ധാരാളമാണ് കട്ടപ്പന ബസ് സ്റ്റാൻഡും പരിസരവും ഇവരുടെ ഗുണ്ടാ സംഘങ്ങളുടെ വലയത്തിലായതിനാൽ വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവർ പോലും ഇവരോട് പ്രതികരിക്കാറില്ല. സ്റ്റാന്റിൽ എത്തുന്ന യാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും പഴ്‌സ്, കുട തുടങ്ങിയവ മോഷ്ടിക്കപ്പെടുന്നതും പതിവാണ്.

ചില്ലറ മാത്രം 9000രൂപ

കട്ടപ്പന ടൗണിൽ ഭിക്ഷാടനം നടത്തുന്നവരുടെ ഏജന്റ് മാർ തൊട്ടടുത്ത ദിവസം ബസ് സ്റ്റാൻഡിലെ ഒരു വ്യാപാരകേന്ദ്ര ത്തിൽ ചില്ലറ മാറി നോട്ട് ആക്കാൻ കൊണ്ട് ചെന്നത് 9000രൂപ. അന്ന് തന്നെ ഇവർ തമ്മിൽ തർക്കവും കയ്യേറ്റവും ഉണ്ടായപ്പോഴാണ് നാട്ടുകാർ സംഭവം അറിയുന്നത്. ദിവസേന ശരാശരി 10000രൂപ ചില്ലറ മാറി നോട്ട് ആക്കുന്നതും ഇവിടെ നിന്നാണെന്നു പറയുന്നു. ഭിക്ഷാടകരിൽ പലരും കഞ്ചാവുൾപ്പടെ ലഹരി വസ്തുക്കളുടെ ഇടനിലക്കാരായി പ്രവർത്തിക്കുന്നതായും ആരോപണമുണ്ട്.