തൊടുപുഴ: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ കലാശപ്പോരാട്ടത്തിന്റെ ആവേശത്തിലായിരുന്നു ഇടുക്കിയിലെ ഫുട്‌ബോൾ പ്രേമികളും. ഇന്നലെ വൈകിട്ട് മുതൽ ഇഷ്ടടീമുകളുടെ ജേഴ്സിയണിഞ്ഞ് കൊടിയുമുയർത്തി ആരാധകർ പ്രധാന ജംഗ്ഷനുകളിൽ അണിനിരന്നു. സ്വാഭാവികമായും അർജന്റീനിയൻ ആരാധകരാണേറെയും. തോറ്റ് പുറത്തായ ടീമുകളിൽ നിന്നടക്കം ചേർന്ന ഫ്രാൻസ് ആരാധകരും കുറവല്ല. പല ടൗണുകളിലും കവലകളിലും ക്ലബുകളുടെയും മറ്റും നേതൃത്വത്തിൽ വലിയ സ്ക്രീനുകളിൽ മത്സരം പ്രദർശിപ്പിച്ചിരുന്നു. സ്ക്രീനുകൾക്ക് മുന്നിൽ തടിച്ചുകൂടി ഇഷ്ടടീമുകളുടെ ഓരോ മുന്നേറ്റത്തിനും കൈയടിച്ച് പ്രോത്സാഹിപ്പിച്ച് അവർ ഫൈനൽ ആവേശമാക്കി. ജില്ലയിലെ ഏറ്റവും വലിയ ബിഗ് സ്ക്രീൻ ഒരുക്കിയിരിക്കുന്നത് തൊടുപുഴ മങ്ങാട്ടുകവലയിലാണ്. തൊടുപുഴ നഗരസഭ,​ സോക്കർ സ്കൂൾ, യോദ്ധാവ് പദ്ധതിയുടെ​ ഭാഗമായി പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് മങ്ങാട്ടുകവല ബസ് സ്റ്രാൻഡിൽ സ്ക്രീൻ തയ്യാറാക്കിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് ആറ് മണി മുതൽ മങ്ങാട്ടുകവല ഫുട്ബോൾ പ്രേമികളെ കൊണ്ട് നിറഞ്ഞിരുന്നു. മത്സരത്തിന് മുന്നോടിയായി സംഘാടകർ ഡി.ജെ പാർട്ടിയും ഒരുക്കിയിരുന്നു.