കട്ടപ്പന :കൊന്നത് പുലിയെങ്കിൽ ചത്തത് കടുവയെന്ന നിലയിലേയ്ക്ക് വാഴവര പുലി ആക്രമണത്തിൽ വമ്പൻ ട്വിസ്റ്റ്. കഴിഞ്ഞ വെള്ളിയാഴ്ച യാണ് നാടിനെ ഭീതിയിലാഴ്ത്തിയ വാഴവര പള്ളിസിറ്റിയിലെ പുലിയുടെ ആക്രമണം നടന്നത്. കണ്ടത്തിൽ ജോൺമത്തായിയുടെ പശുകിടാവിനെ വന്യ ജിവി ആക്രമിച്ചു പരിക്കേൽപ്പിച്ചതിനെ തുടർന്ന് അന്വേഷണം നടത്താൻ തേക്കടിയിൽ നിന്ന് ഫോറെസ്റ്റ് അസിസ്റ്റന്റ് സർജൻ എത്തിയിരുന്നു. കിടാവിന്റെ മുറിവിൽ പരിശോധന നടത്തി ആക്രമിച്ചത് പുലിയാണെന്ന് സർജൻ ഉറപ്പ് വരുത്തി. പുലിയാണെങ്കിൽ മലയാറ്റൂർ ഫോറെസ്റ്റ് ഡിവിഷനിൽ പ്പെടുന്ന കുട്ടമ്പുഴ നിന്ന് എത്തിയതാകാം എന്ന നിഗമനത്തിലും എത്തി. പുലിപ്പേടിയിൽ നാട്ടുകാർ ഭീതിയോടെ കഴിയവെയാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ നിർമലാ സിറ്റിയിൽ ഇടയത്തു പാറയിൽ ഷിബുവിന്റെ ഏലത്തോട്ടത്തിലെ കുളത്തിൽ ഒരു കടുവയുടെ മൃതശരീരം പൊങ്ങിയ വാർത്ത പരന്നത്. ഇതേത്തുടർന്ന് ഷിബു ബന്ധപ്പെട്ടവരെ വിവരമറിയിച്ചു. അയ്യപ്പൻ കോവിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരും കട്ടപ്പനയിൽ നിന്ന് ഫയർ ഫോഴ്‌സും എത്തി കടുവയുടെ മൃത ശരീരം പുറത്തെടുത്തു. സംഭവസ്ഥലത്ത് വിവരമറിഞ്ഞു നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി. എല്ലാവർക്കും ഒരേ സംശയമായിരുന്നു, കിടാവിനെ ആക്രമിച്ചത് ഈ കടുവയണോ, അതോ പുലിയോ, ഈ കടുവ എവിടെ നിന്ന് വന്നു, എങ്ങിനെ ചത്തു, എല്ലാത്തിനും വനം വകുപ്പ് അധികൃതരുടെ മറുപടി കാത്തിരിക്കുകയാണ് നാട്ടുകാർ.