തൊടുപുഴ: വടക്കാഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ രാത്രികാല വിനോദയാത്രകൾക്ക് നിയന്ത്രണം വന്നതോടെ വിദ്യാലയങ്ങൾ പഠനയാത്രകൾ വെട്ടിച്ചുരുക്കിയതിനാൽ വെട്ടിലായത് ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാർ. പകൽ യാത്രയിൽ ചെലവു കൂടുമെന്നതിനാൽ ടൂർ നിരക്ക് വർദ്ധിപ്പിക്കാൻ സ്‌കൂൾ അധികൃതർ നിർബന്ധിതരാവുന്നു. രാത്രിയാത്ര പാടില്ലെന്നും വിനോദയാത്രകൾ മൂന്നു ദിവസത്തിലൊതുക്കണമെന്നുമുള്ള നിർദ്ദേശങ്ങൾ വിദ്യാർത്ഥികളുടെ സുരക്ഷ ലക്ഷ്യമിട്ടാണെങ്കിലും പാക്കേജുകൾ വെട്ടിച്ചുരുക്കേണ്ടിവരുന്നതടക്കമുള്ള വെല്ലുവിളികളേറെയാണ്. 'ഓട്ടപ്രദക്ഷിണ'മായതിനാൽ എല്ലാ സ്ഥലങ്ങളും കാണാനുമാകില്ല. കൊവിഡിനെ തുടർന്ന് രണ്ടുവർഷത്തോളം വീടുകളിൽ അടച്ചിരുന്നശേഷം കൂട്ടുകാർക്കരികിൽ എത്തിയവർ സ്വപ്നം കണ്ട ഉല്ലാസയാത്രയുടെ പകിട്ടാണ് ഇതോടെ ഇടിഞ്ഞത്. രാത്രി പത്തിനും പുലർച്ചെ അഞ്ചിനുമിടയിൽ യാത്ര പാടില്ലെന്നാണ് പ്രധാന നിർദ്ദേശം. ചെലവു ചുരുക്കാനാണ് പല സ്‌കൂളുകളും രാത്രിയാത്ര ആസൂത്രണം ചെയ്തിരുന്നത്. രാത്രി പുറപ്പെട്ട് പുലർച്ചെ ലക്ഷ്യത്തിലെത്തിയാൽ, പകൽ മുഴുവൻ കാഴ്ചകൾ കാണാമെന്ന സൗകര്യമുണ്ട്. രാത്രിയിൽ ഹോട്ടലിൽ തങ്ങി പിറ്റേന്ന് അടുത്ത കേന്ദ്രത്തിലേക്കു പുറപ്പെടും. എന്നാൽ, പകൽ യാത്രയ്ക്കുശേഷം രാത്രി തങ്ങി പിറ്റേന്നു സന്ദർശനത്തിനിറങ്ങുമ്പോൾ സമയനഷ്ടത്തിനു പുറമേ കൂടുതൽ സ്ഥലങ്ങളിലേക്കു പോകാനും കഴിയില്ല. ഭക്ഷണ ചെലവും കൂടും. യാത്ര മൂന്നു ദിവസത്തിൽ കൂടരുതെന്ന നിബന്ധനയുള്ളതിനാൽ ദീർഘദൂര യാത്രകൾ നടക്കില്ല. കുട്ടികൾക്ക് ഹ്രസ്വദൂര യാത്രകളോട് താത്പര്യവുമില്ല. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് ഓട്ടമില്ലാതെ കടക്കെണിയിലായ ടൂറിസ്റ്റ് ബസുടമകൾ മെല്ലെ കരകയറി വരുമ്പോഴാണ് ഇരുട്ടടിയായി പുതിയ നിയന്ത്രണങ്ങൾ.

പഠനയാത്രയോ വിനോദയാത്രയോ

കുട്ടികളുടെ സാമൂഹിക, സാംസ്‌കാരിക, മാനസിക വികാസമാണ് പഠനയാത്രകളുടെ ലക്ഷ്യം. പുസ്തകങ്ങൾക്ക് പുറത്ത് നേരിട്ടുള്ള അറിവുകൾ നിർണായകമാണ്. എന്നാൽ നിലവിൽ നടക്കുന്ന പഠനയാത്രകൾക്ക് പഠനവുമായി യാതൊരു ബന്ധവുമില്ലെന്ന വിമർശനവുമുണ്ട്.

ആനവണ്ടി ഉപയോഗിക്കാം

കെ.എസ്.ആർ.ടി.സിയുടെ ആഡംബര ബസുകൾ ഉൾപ്പെടെ ഇപ്പോൾ വിനോദസഞ്ചാരത്തിന് ലഭ്യമാണ്. ഇത്തരം മാർഗങ്ങളിലൂടെ ചെലവ് ചുരുക്കി ടൂർ സംഘടിപ്പിച്ചാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ ഉൾപ്പെടെ പങ്കെടുപ്പിക്കാനാവുമെന്ന അഭിപ്രായവുമുണ്ട്.

മറ്റ് നിർദ്ദേശങ്ങൾ

 വിനോദയാത്ര ബസുകളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് അദ്ധ്യാപകർ ഉറപ്പാക്കണം

 കുട്ടികളുടെ വിശദാംശങ്ങൾ രക്ഷിതാക്കളുടെ സമ്മതപത്രത്തോടെ ഡി.ഇ.ഒ ഓഫീസിൽ ഹാജരാക്കണം

 സ്ഥലം, യാത്രാ പരിപാടികൾ, താമസം, ചെലവ് എന്നിവ തയ്യാറാക്കി പി.ടി.എയിൽ ചർച്ച ചെയ്യണം

 രക്ഷിതാക്കളുടെ യോഗം ചേർന്ന് എല്ലാ തയ്യാറെടുപ്പുകളും അറിയിക്കണം

 യാത്രാസംഘത്തിലെ അദ്ധ്യാപക- വിദ്യാർത്ഥി അനുപാതം 1:15 ആയിരിക്കണം