തൊടുപുഴ : ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രി നൽകിയിട്ടുള്ള എല്ലാ ഉറപ്പുകളും ജില്ലയിലെ കർഷകർക്ക് തീർത്തും വിശ്വാസമില്ലെന്ന്‌ കേരളാകോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ് പറഞ്ഞു. മുഖ്യമന്ത്രി ഇതിനകം ഇടുക്കി ജില്ലയ്ക്കായി നൽകിയിട്ടുള്ള ഉറപ്പുകളെല്ലാം ജലരേഖയായി നിലനിൽക്കുകയാണ്. സംരക്ഷിത വനങ്ങളുടെ ഒരു കിലോ മീറ്റർ ചുറ്റളവിൽ ബഫർസോൺവേണമെന്ന് ആദ്യം തീരുമാനിച്ചത് സംസ്ഥാന മന്ത്രിസഭയാണ്. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ബഫർസോൺ തയ്യാറാക്കൽ ആരംഭിച്ചത്. പരമാവധി കാർബൺ ഫണ്ട് ഇടുക്കിയുടെ മലയോരമേഖലയിൽ ചെലവഴിക്കാനുള്ളവേദി ഒരുക്കലാണ് സംസ്ഥാന സർക്കാരിന്റെ ബഫർസോൺ നയമെന്ന് വ്യക്തമാണ്. കർഷക താൽപര്യങ്ങളേക്കാൾ കാർബൺ ഫണ്ട് ലഭ്യമാക്കുക എന്നതാണ് സർക്കാർ നയമെന്ന് ഇതുവരെയുള്ള പ്രവൃത്തികൾ തെളിയിച്ചിരിക്കുകയാണ്.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹത്തിനെതിരെ ഇന്ന് പാർട്ടി ചെയർമാൻ പി.ജെ.ജോസഫിന്റെ സാന്നിദ്ധ്യത്തിൽചേരുന്ന കേരളാകോൺഗ്രസ് ജില്ലാ കമ്മറ്റി ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.