തൊടുപുഴ: നഗരസഭയുടെ കരട് മാസ്റ്റർ പ്ലാനിൽമേലുള്ള നിർമ്മാണ നിരോധനം പിൻവലിക്കണമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. തൊടുപുഴയിൽ ഏറെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വഴിയൊരുക്കിയ തൊടുപുഴ നഗരസഭയുടെ അശാസ്ത്രീയമായ കരട് മാസ്റ്റർ പ്ലാൻ ഭേദഗതികളോടെ സർക്കാരിലേക്ക് സമർപ്പിച്ചെങ്കിലും മാസ്റ്റർപ്ലാനിൽ മേലുള്ള നിർമ്മാണ നിരോധനം തൊടുപുഴ നഗരസഭാ പരിധിയിൽ നിലനിൽക്കുകയാണ്. തൊടുപുഴ പോലെ അതിവേഗം വികസിക്കുന്ന നഗരത്തിൽ ഈ നിർമ്മാണ നിരോധനം വിലങ്ങുതടിയാണ്. നിർമ്മാണനിരോധന ഉത്തരവ് നിലനിൽക്കെ തൊടുപുഴയിലെ വ്യാപാരികളും കെട്ടിട ഉടമകളും പൊതുജനങ്ങളും തങ്ങളുടെ കെട്ടിടങ്ങൾ പൊളിച്ചു പണിയുന്നതിനോ പുതിയത് നിർമ്മിക്കുന്നതിനോ കഴിയാതെ വലയുകയാണ്.

അപ്രായോഗികമായ ഒട്ടനവധി നിർദേശങ്ങളായിരുന്നു പിൻവലിച്ച കരട് മാസ്റ്റർ പ്ലാനിൽ ഉണ്ടായിരുന്നത്. തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷന്റെയടക്കം ശക്തമായ പ്രതിഷേധങ്ങൾക്ക് ഒടുവിൽ നഗരസഭയിലെ ജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിച്ച് തയ്യാറാക്കിയ പുതിയ മാസ്റ്റർ പ്ലാൻ സർക്കാരിലേക്ക് സമർപ്പിച്ചിരിക്കുകയാണ്. ഇനിയും മാസ്റ്റർ പ്ലാനിന്റെ പേരിൽ നഗരസഭ പരിധി മുഴുവനായും നിർമ്മാണനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് ശരിയായ നടപടിയല്ല. എത്രയും പെട്ടെന്ന് നിർമ്മാണ നിരോധനം ഉത്തരവ് പിൻവലിക്കുന്നതിന് വേണ്ട നടപടികൾ അധികാരികൾ സ്വീകരിക്കണമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ, ജനറൽ സെക്രട്ടറി സജി പോൾ, ട്രഷറർ കെ.എച്ച് കനി എന്നിവർ ആവശ്യപ്പെട്ടു.