ഇടുക്കി: പരിസ്ഥിതി ലോല മേഖല നിർണ്ണയിക്കുന്നതിന് ഉപഗ്രഹ സർവേ നടത്തി നിർണ്ണയിച്ചിട്ടുള്ള പ്രദേശങ്ങളെക്കുറിച്ചുള്ള അവ്യക്തതകൾ പരിഹരിക്കുന്നതിന് ഫീൽഡ് സർവേ നടത്തുമെന്ന് ജവവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഇതു സംബന്ധിച്ച ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. വനാതിർത്തിക്കുള്ളിൽ തന്നെ ബഫർ സോൺ നിശ്ചയിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. ദേശീയ ശരാശരിയേക്കാളേറെ 29 ശതമാനം വൃക്ഷാവരണമുള്ള സംസ്ഥാനമാണ് കേരളം. സംരക്ഷിത മേഖലയിലെ ഖനനം, വന്യജീവികളുടെ നാശനഷ്ടം, ജൈവവൈവിദ്ധ്യങ്ങളുടെ തകർച്ച എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് ബഫർസോൺ നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിൽ പ്രസ്തുത മാനദണ്ഡങ്ങളൊന്നും ലംഘിക്കപ്പെട്ടിട്ടല്ല. സുപ്രീം കോടതിയ്ക്ക് ഒരു സംസ്ഥാനത്തിനു മാത്രമായി വിധി പുറുപ്പെടുവിക്കാൻ കഴിയില്ല. മാത്രമല്ല സംരക്ഷിത വനമല്ലാത്ത വനാവരണം ഉപഗ്രഹ സർവേയിൽ ഉൾപ്പെട്ടതുകൂടിയാണ് അവ്യക്തത ഉണ്ടാകാൻ ഇടയായത്. ഇത് പരിഹരിക്കുന്നതിന് 20, 21 തീയതികളിൽ സർവേയിൽ ഉൾപ്പെട്ടിട്ടുള്ള മേഖലയിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരുടെയോ വൈൽഡ് ലൈഫ് വാർഡൻമാരുടെയോ അദ്ധ്യക്ഷതയിൽ റവന്യൂ,​ പഞ്ചായത്ത് അധികൃതർ സംയുക്തമായി ഉപഗ്രഹ സർവേ വിശകലനം ചെയ്ത് അവ്യക്തത പരിഹരിക്കും. വീടുകൾ, വാണിജ്യ കെട്ടിടങ്ങൾ എന്നിവ രേഖപ്പെടുത്തി നിലവിൽ സർവേയിൽ ഉൾപ്പെടാത്ത വിവരങ്ങൾ കൂടി ഉൾപ്പെടുത്തി വിദഗ്ദ്ധ സമിതിയ്ക്ക് സമർപ്പിക്കും. 22, 23, 24 തീയതികളിൽ പ്രസ്തുത സംഘം ഫീൽഡ് സർവേ നടത്തി ബഫർ സോണിൽ വരുന്ന പ്രദേശങ്ങളെക്കുറിച്ച് വ്യക്തത വരുത്തും. 29ന് രാവിലെ 10ന് കളക്ട്രേറ്റിൽ യോഗം ചേർന്ന് അനന്തര നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. സർവകക്ഷി യോഗത്തിൽ എ. രാജ എം.എൽ.എ, സബ് കളക്ടർമാരായ അരുൺ എസ്. നായർ, രാഹുൽകൃഷ്ണ ശർമ്മ, എ.ഡി.എം ഷൈജു പി. ജേക്കബ്, എൽ.ആർ. ഡെപ്യൂട്ടി കളക്ടർ കെ.പി. ദീപ, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യഷൻ സി.വി. വർഗീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ എന്നിവർ പങ്കെടുത്തു.

എട്ട് സംരക്ഷിത മേഖലകൾ സർവേയിൽ

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ദേശീയ പാർക്കുകളുടെയും സംരക്ഷിത വനമേഖലയുടെയും ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ കരുതൽ മേഖല കണ്ടെത്തുന്നതിനായി ഉപഗ്രഹ സഹായത്തോടെ സംസ്ഥാന റിമോട്ട് സെൻസിങ് ആന്റ് എൻവയേൺമെന്റ് സെന്ററാണ് പ്രാഥമിക സർവേ നടത്തിയത്. ഈ സർവേ പ്രകാരം ഇടുക്കി ജില്ലയിൽ എട്ട് സംരക്ഷിത മേഖലകൾ ബഫർസോൺ സർവ്വെയിൽ ഉൾപ്പെട്ടിട്ടുണ്ട്. 14 ഗ്രാമപഞ്ചായത്തിലെ 21 വില്ലേജുകളാണ് സർവേ പ്രകാരം കരുതൽ മേഖലയിൽ വന്നിട്ടുള്ളത്. ഇരവികുളം നാഷണൽ പാർക്ക്, ചിന്നാർ വൈൽഡ് ലൈഫ് സാങ്‌ച്വറി, ആനമുടി ഷോല നാഷണൽ പാർക്ക്, പാമ്പാടുംചോല നാഷണൽ പാർക്ക്, കുറിഞ്ഞിമല വൈൽഡ് ലൈഫ് സാങ്‌ച്വറി, മതികെട്ടാൻചോല നാഷണൽ പാർക്ക് എന്നീ സംരക്ഷിത മേഖലകളിലെ പ്രദേശങ്ങളാണ് കരുതൽ മേഖലയിൽ ഉൾപ്പെട്ടിട്ടുള്ളത്.