തൊടുപുഴ: ജില്ലാ കളക്ടറുടെ തൊടുപുഴ താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ 276 പരാതികൾ പരിഹരിച്ചു. ആകെ 650 പരാതികളാണ് ലഭിച്ചത്. അതിൽ 110 പരാതികൾ അദാലത്തിൽ നേരിട്ട് ലഭിച്ചതാണ്. ഇതോടൊപ്പം മുമ്പ് ലഭിച്ച 264 അപേക്ഷകളും ഉൾപ്പെടെ 374 പരാതികൾ തുടർനടപടികൾക്കായി വിവിധ വകുപ്പുകൾക്ക് കൈമാറി. ഈ പരാതികളിൽ അന്വേഷണം നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും വകുപ്പ് ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി. തൊടുപുഴ ലയൺസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച അദാലത്തിൽ റവന്യൂ, വനം, തൊഴിൽ, പഞ്ചായത്ത്, നഗരസഭ, പട്ടികജാതി പട്ടികവർഗ ക്ഷേമം, കെ.എസ്.ഇ.ബി, പൊതുമരാമത്ത് തുടങ്ങി എല്ലാ വകുപ്പുകളുടെയും ഉൾപ്പെടെ 29 കൗണ്ടറുകൾ തുറന്നിരുന്നു. ഇതിന് പുറമെ പൊതുജനങ്ങളുടെ പരാതികൾ അതത് വകുപ്പുകളുടെ കൗണ്ടറുകളിലേക്ക് തിരിച്ചുവിടാൻ ഹെൽപ്പ് ഡെസ്‌കും ഒരുക്കിയിരുന്നു. ദുരിതാശ്വാസ നഷ്ടപരിഹാര പരാതികൾ, റേഷൻ കാർഡിലെ എ.പി.എൽ- ബി.പി.എൽ പരാതികൾ തുടങ്ങി പരിഹരിക്കാവുന്ന പരമാവധി പരാതികൾ പരിഹരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. തത്സമയം പരിഹരിക്കാനാവാത്ത പട്ടയ ഭൂപ്രശ്‌ന പരാതികൾ ഒരു മാസത്തിനകം നടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ട വ്യക്തികളെയും ജില്ലാ നോഡൽ ഓഫീസറെയും അറിയിക്കാനും കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഹരിതചട്ടം പാലിച്ച് നടത്തിയ അദാലത്തിൽ വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് വേഗത്തിൽ സേവനം ലഭിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അദാലത്തിൽ വച്ച് കാരിക്കോട് വില്ലേജിലെ സന്തോഷ്, സബീന എന്നിവർക്ക് 1,79000 രൂപയുടെ ദുരിതാശ്വസ ധനസഹായവും കളക്ടർ വിതരണം ചെയ്തു. ജില്ലാ കളക്ടർക്കൊപ്പം ഡപ്യൂട്ടി കളക്ടർമാരായ കെ. മനോജ്, ജോളി ജോസഫ് എന്നിവർ പരാതികൾ പരിഗണിച്ചു. തൊടുപുഴ തഹസാർദാർ എൻ.കെ. അനിൽകുമാർ, സ്‌പെഷ്യൽ തഹസിൽദാർ കെ.എച്ച്. സക്കീർ എന്നിവർ അദാലത്തിന് നേതൃത്വം നൽകി. അദാലത്തിൽ നിരവധി പൊതുജനങ്ങളും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.