തൊടുപുഴ: കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഒന്നാമത് ഓൾ കേരള ജേർണലിസ്റ്റ് ക്രിക്കറ്റ് ലീഗ് 2022ന് ഇന്ന് തുടക്കമാകും. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) തെക്കുംഭാഗം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഒരു ലക്ഷം രൂപയും അൽ- അസ്ഹർ ഗ്രൂപ്പ് സ്‌പോൺസർ ചെയ്യുന്ന അൽ- അസ്ഹർ കപ്പുമാണ് ചാമ്പ്യൻമാരാകുന്ന ടീമിന് നൽകുന്നത്. അമ്പതിനായിരം രൂപയും ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് നൽകും. ആകെ 27 മത്സരങ്ങളാണ് ക്രിക്കറ്റ് ലീഗിലുള്ളത്. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനുമായി സഹകരിച്ചാണ് ക്രിക്കറ്റ് ലീഗ് നടത്തുന്നത്. ഇന്ന് രാവിലെ 8.30ന് മത്സരങ്ങൾ ആരംഭിക്കും. 16 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ആദ്യ ദിനം ലീഗ് മത്സരങ്ങളാണ്. നാല് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളായാണ് ആദ്യദിനം മത്സരങ്ങൾ. ഇതിൽ നിന്ന് ഓരോ ടീമുകൾ വീതം രണ്ടാം ദിവസത്തെ സെമിയിലേക്ക് യോഗ്യത നേടും. ഉച്ചയ്ക്ക് ശേഷം ഫൈനലും തുടർന്ന് സമാപന സമ്മേളനവും നടക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.