കട്ടപ്പന: വാഴവര നിർമ്മലാസിറ്റിൽ കുളത്തിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവയുടെ മരണ കാരണം കാല് വലയിൽ കുരുങ്ങി വെള്ളത്തിൽ വീണത് മൂലമാണെന്ന് ഡി എഫ് ഒ. കടുവ പൂർണ ആരോഗ്യവാനായിരുന്നുവെന്നും പരുക്കുകളോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലായിരുന്നുവെന്നും പോസ്റ്റ് മോർട്ടത്തിനു ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഞായറാഴ്ച വൈകിട്ടോടെയാണ് നിർമ്മലസിറ്റിയിൽ സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലുള്ള കുളത്തിൽ കടുവയുടെ ജഡം കണ്ടെത്തിയത്. കുളത്തിന് മുകളിൽ മൂടിയിരുന്ന വലയിൽ കുരുങ്ങിയ നിലയിലായിരുന്നു ജഡം. അഗ്‌നിശമന സേനയുടെ സഹായത്തോടെയാണ് പിന്നീട് ജഡം പുറത്തെടുത്തത്. തുടർന്ന് രാത്രിയിൽ തന്നെ തേക്കടി വന്യജീവി സാങ്കേത്തിൽ കടുവയുടെ ജഡം എത്തിച്ചു.
രണ്ടര വയസ് പ്രായമുള്ള ആൺ കടുവയാണ് ചത്തത്. 122 കിലോയോളം തൂക്കമുണ്ട് . ഒരാഴ്ച മുൻപ് വാത്തികുടിയിലെ കൊമ്പൊടിഞ്ഞാലിലും തോപ്രാംകുടിയിൽ ചന്ദനക്കവലയിലും കണ്ടെത്തിയ കാൽപ്പാടുകൾ ഈ കടുവയുടേത് തന്നെയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ചത്ത കടുവയുടെ ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. തേക്കടിവന്യ ജിവി സങ്കേതത്തോട് ചേർന്ന് ജഡം സംസ്‌കരിച്ചു.