തൊടുപുഴ : എല്ലാവർക്കും സുരക്ഷിത ഭവനം എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പി.എം.എ.വൈ ഭവന പദ്ധതി സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് ബാദ്ധ്യതയാവുകയാണെന്ന് മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(റെഡ് ഫ്‌ളാഗ്). പദ്ധതിയുടെ കൃത്യവും വ്യക്തവുമായ നിബന്ധനകൾ അറിയാതെ തദ്ദേശസ്ഥാപന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നൽകുന്ന വിവരണങ്ങളിൽ മാത്രം വിശ്വസിച്ച് കരാർ വയ്ക്കുന്നവരാണേറയും. പദ്ധതിയുടെ ഗുണഭോക്താക്കളകുന്നവർ നിർമ്മാണത്തിന്റെ രണ്ട് ഘട്ടം കഴിയുമ്പോൾ തുടരാൻ നിർവ്വാഹമില്ലാതെ ഉപേക്ഷിക്കുകയോ അല്ലാത്തവർ ഭീമമായ കടബാദ്ധ്യതയിലകപ്പെടുകയോ ചെയ്യുകയാണ്.
ഈ വിഷയത്തിൽ അടിയന്തിര നടപടി ബന്ധപ്പെട്ടവർ സ്വീകരിക്കണം. അല്ലാത്ത പക്ഷം നിർമ്മാണം പ്രതിസന്ധിയിലായ ഗുണഭോക്താക്കളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി ബാബു മഞ്ഞള്ളൂർ അറിയിച്ചു.സച്ചിൻ കെ. ടോമി, പ്രൊഫ. കെ.എസ്.ടോമി, കെ.എ. സദാശിവൻ, എം.പി. മനു എന്നിവർ സംസാരിച്ചു.